പതിമംഗലത്ത് വീട്ടിൽ മോഷണം; 1.9 ലക്ഷം കവർന്നു
text_fieldsമോഷ്ടാവിന്റെ ദൃശ്യം
കുന്ദമംഗലം: പതിമംഗലത്ത് വീട്ടിൽ വൻ മോഷണം. ചെറിയാംപുറത്ത് തടായിൽ അബ്ദുൽ സത്താറിന്റെ വീട്ടിലാണ് മോഷണം നടന്നത്. 1,90,000 രൂപ കവർന്നു. അടുക്കള ഭാഗത്തെ ഗ്രില്ലും വാതിലും പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. വീട്ടുകാരൻ അബ്ദുൽ സത്താർ വിദേശത്താണ്. ഞായറാഴ്ച അർധരാത്രി 12നും തിങ്കളാഴ്ച പുലർച്ച നാലിനും ഇടയിലാണ് സംഭവം. ഗൃഹനാഥയും ഇളയ മകളും മുകൾനിലയിലെ റൂമിലും മറ്റ് രണ്ടുമക്കൾ താഴെ റൂമിലുമാണ് കിടന്നത്. ഗൃഹനാഥ കിടന്ന റൂമൊഴികെ മുഴുവൻ റൂമിലും മോഷ്ടാവ് കയറി അലമാരയിൽനിന്നും മറ്റും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്.
വീട്ടുകാർ പുലർച്ച എഴുന്നേറ്റപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് കുന്ദമംഗലം പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വിയിൽ മുഖംമൂടി ധരിച്ച മോഷ്ടാവ് പോകുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
അതേസമയം, സത്താറിന്റെ വീട്ടിൽ മോഷ്ടാവ് കയറുന്നതിന്റെ ഏതാണ്ട് ഒരു മണിക്കൂർ മുമ്പ് പതിമംഗലത്തുതന്നെയുള്ള മറ്റൊരു വീട്ടിൽ മോഷണശ്രമം നടന്നിട്ടുണ്ട്. എന്നാൽ, ഈ വീട്ടിൽനിന്ന് ഒന്നും മോഷ്ടിക്കാൻ സാധിച്ചില്ലെന്ന് എസ്.ഐ ബാലകൃഷ്ണൻ പറഞ്ഞു. ഇവിടെ മോഷണശ്രമം നടത്തിയതിന് ശേഷമായിരിക്കും അതേ മോഷ്ടാവ് സാത്താറിന്റെ വീട്ടിൽ കയറിയതെന്നാണ് പൊലീസിന്റെ നിഗമനം. എസ്.ഐ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ എസ്.പി.ഒമാരായ വിജേഷ്, വിപിൻ, സി.പി.ഒ ശ്യാംരാജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.


