കാമറയിൽനിന്ന് രക്ഷപ്പെടാൻ ഇരുചക്ര വാഹനങ്ങൾ പോകുന്നത് നടപ്പാതയിലൂടെ
text_fieldsപടനിലത്ത് കാമറയിൽപെടാതിരിക്കാൻ ഹെൽമറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രികർ നടപ്പാതയിലൂടെ പോകുന്നു
കുന്ദമംഗലം: ദേശീയപാതയിൽ പടനിലത്ത് റോഡിന് കുറുകെ സ്ഥാപിച്ച കാമറകളിൽ പെടാതിരിക്കാൻ ഇരുചക്ര വാഹനങ്ങൾ നടപ്പാതയിലൂടെ യാത്ര ചെയ്യുന്നതായി പരാതി. ഹെൽമെറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാരാണ് കാമറ സ്ഥാപിച്ച ഭാഗത്ത് എത്തുമ്പോൾ നടപ്പാതയിലൂടെ പോകുന്നത്. ഇത് കാൽനടക്കാർക്ക് അപകട ഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നു.
സ്ഥിരമായി ഇരുചക്ര വാഹനങ്ങൾ പോയതിനാൽ നടപ്പാതയിലെ സ്ലാബ് തകർന്നിട്ടുണ്ട്. റോഡിന് കുറുകെ ഇരു ഭാഗത്തേക്കുമായി പൊലീസ് കൺട്രോൾ റൂം സ്ഥാപിച്ച കാമറകൾ ആണ് ഇവിടെയുള്ളത്. നടപ്പാതയിലൂടെ യാത്ര ചെയ്യരുതെന്ന് ചില ഇരുചക്ര വാഹന യാത്രക്കാരോട് നാട്ടുകാർ പറഞ്ഞാലും കേൾക്കാറില്ല.
താമരശ്ശേരി ഭാഗത്ത് നിന്ന് കുന്ദമംഗലം ഭാഗത്തേക്ക് വരുന്ന ഇരുചക്ര വാഹനങ്ങളാണ് നടപ്പാതയിലൂടെ പോകുന്നത്. പെട്രോൾ പമ്പിൽനിന്ന് റോഡിലേക്ക് വരുന്ന വാഹനങ്ങളുടെ മുന്നിലേക്കാണ് കാമറയിൽ കുടുങ്ങാതെ വരുന്ന ഇരുചക്ര വാഹനങ്ങൾ എത്തിപ്പെടുന്നത്. ഇത് വലിയ അപകട സാധ്യത ഉണ്ടാക്കുന്നു. ബാരിക്കേഡ് സ്ഥാപിച്ചോ മറ്റോ ഇരുചക്ര വാഹനങ്ങൾ നടപ്പാതയിലൂടെ പോകുന്നത് തടയാൻ പൊലീസ് ഇടപെടുമെന്ന് കുന്ദമംഗലം പൊലീസ് ഇൻസ്പെക്ടർ എസ്. കിരൺ പറഞ്ഞു.


