ജല ശുദ്ധീകരണിയും മാലിന്യ നിർമാർജന സംവിധാനങ്ങളും സജ്ജം
text_fieldsകുന്ദമംഗലം: കൊച്ചി ആസ്ഥാനമായ കമീഷണറേറ്റ് ഓഫ് കസ്റ്റംസ് പ്രിവന്റിവ് ഓഫിസിന്റെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി പെരിങ്ങൊളം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ച മൂന്ന് ജല ശുദ്ധീകരണിയും രണ്ട് ഖര മാലിന്യ സംസ്കരണ പ്ലാന്റുകൾ, രണ്ട് ജൈവ മാലിന്യ സംസ്കരണ പ്ലാന്റുകൾ എന്നിവയുടെ ഉദ്ഘാടനം കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമീഷണർ ഡോ. ടി. ടിജു നിർവഹിച്ചു.
പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീവിദ്യ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ആശ സിന്ധു, കസ്റ്റംസ് പ്രിവന്റിവ് അഡീഷനൽ കമീഷണർ ജോ പോൾ മാടമ്പള്ളി, ഡെപ്യൂട്ടി കമീഷണർ ശ്യാം പ്രസാദ്, സൂപ്രണ്ട് സി.ജെ. തോമസ്, അധ്യാപകരായ ഡോ. കെ.പി. ആസിഫ, എം.പി. മുഹമ്മദലി എന്നിവർ സംസാരിച്ചു. നാല് ലക്ഷത്തോളം രൂപയുടെ ഫണ്ട് വിനിയോഗിച്ചാണ് ഈ സംവിധാനങ്ങൾ സ്കൂളിലെ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി നിർമിച്ചത്.

