നിലച്ചുപോയ കുന്ദമംഗലം-സിറ്റി ഓർഡിനറി ബസുകൾ പുനരാരംഭിക്കുമോ
text_fieldsകുന്ദമംഗലത്ത് നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യാൻ നിൽക്കുന്ന സ്ത്രീ യാത്രികർ ഉൾപ്പെടെയുള്ളവർ
കുന്ദമംഗലം: കെ.എസ്.ആർ.ടി.സിയുടെ നിരവധി സിറ്റി-കുന്ദമംഗലം ഓർഡിനറി ട്രിപ്പുകൾ നടത്തിയിരുന്ന റൂട്ടിൽ ഇന്ന് ആ ട്രിപ്പുകൾ മിക്കതും നിലച്ചു. സിറ്റി-കുന്ദമംഗലം സർവിസ് നടത്തുന്ന നാലു ബസുകൾ ആറു ട്രിപ്പുകൾ വീതമായിരുന്നു ഓടിയിരുന്നത്. ആദ്യകാലത്ത് ബേപ്പൂർ-കുന്ദമംഗലം, കടലുണ്ടി-കുന്ദമംഗലം, ചാലിയം-കുന്ദമംഗലം, കുണ്ടുപറമ്പ്-കുന്ദമംഗലം തുടങ്ങിയ ഓർഡിനറി സർവിസുകൾ ഉണ്ടായിരുന്നു. അതിന് ശേഷമാണ് സിറ്റി-കുന്ദമംഗലം ബസുകൾ ആരംഭിച്ചത്. നിലവിൽ ഈ റൂട്ടുകളിൽ ഓടുന്ന ഓർഡിനറി ബസുകൾ ഏറെക്കുറെ നിലച്ച മട്ടാണ്. വല്ലപ്പോഴും മാത്രമാണ് സിറ്റി-കുന്ദമംഗലം ഓർഡിനറി ബസ് കാണാറുള്ളത് എന്നാണ് യാത്രക്കാർ പറയുന്നത്.
ദേശസാൽകൃത റൂട്ട് ഉൾപ്പെടുന്ന റോഡാണിത്. എന്നാൽ, താമരശ്ശേരി, തിരുവമ്പാടി ഡിപ്പോകളിൽ നിന്ന് ഓർഡിനറി ബസുകൾ ഓടുന്നുണ്ട് എന്ന് അധികൃതർ പറഞ്ഞു. കുന്ദമംഗലം, കാരന്തൂർ, ചെലവൂർ തുടങ്ങിയ ഇടങ്ങളിൽ നിന്നും അതിനിടയിലുള്ള ചെറിയ ബസ് സ്റ്റോപ്പുകളിൽ നിന്നും കോഴിക്കോട് ഭാഗത്തേക്കും തിരിച്ചും സാധാരണക്കാർക്ക് യാത്ര ചെയ്യാൻ വലിയ തോതിൽ സഹായമായിരുന്നു കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസുകൾ. ബസുകളുടെ ട്രിപ്പുകൾ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് കുന്ദമംഗലം ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം സമർപ്പിച്ചു. 1980 മുതൽ കുന്ദമംഗലത്ത് നിന്ന് ബേപ്പൂർ, ഫാറൂഖ് കോളജ്, ചാലിയം എന്നിവിടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സിറ്റി ബസുകൾ സർവിസ് നടത്തിയിരുന്നു. ഇത് യാത്രക്കാർക്ക് സൗകര്യപ്രദമായിരുന്നു എന്നും സർവിസ് പുനരാരംഭിക്കണം എന്നും നിവേദനത്തിൽ പറയുന്നു.


