രജിസ്ട്രാർ ഓഫിസിന് മുന്നിൽ സീബ്ര ലൈൻ സ്ഥാപിച്ചു
text_fieldsചാത്തമംഗലം രജിസ്ട്രാർ ഓഫിസിന് മുന്നിൽ കഴിഞ്ഞ ദിവസം സ്ഥാപിച്ച സീബ്ര ലൈൻ
കുന്ദമംഗലം: സ്ഥിരം അപകട മേഖലയായ അഗസ്ത്യൻമൂഴി-കുന്ദമംഗലം സംസ്ഥാന പാതയിലെ ചാത്തമംഗലം രജിസ്ട്രാർ ഓഫിസിന് മുന്നിൽ സീബ്ര ലൈൻ സ്ഥാപിച്ചു. ആഴ്ചകൾക്ക് മുമ്പ് ‘മാധ്യമം’ ഇവിടെ സീബ്രലൈൻ ഇല്ലാത്തതിനെ കുറിച്ച് വാർത്ത നൽകിയിരുന്നു. കാൽനടയാത്രക്കാർക്കും മറ്റും ഈ ഭാഗത്തുനിന്ന് റോഡ് മുറിച്ചുകടക്കാൻ വലിയ പ്രയാസമായിരുന്നു. ചാത്തമംഗലം ഭാഗത്തുനിന്ന് വരുമ്പോൾ ആദ്യം ഒരു കയറ്റവും അതിന് ശേഷം ഇറക്കവുമുള്ള സ്ഥലവും കുന്ദമംഗലം ഭാഗത്തുനിന്ന് വരുമ്പോൾ വലിയ വളവും ശേഷം കയറ്റവുമാണ്.
നേരത്തേയുണ്ടായിരുന്ന സീബ്ര ലൈൻ പുനഃസ്ഥാപിക്കണമെന്നും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പി.ഡബ്ല്യൂ.ഡി അധികൃതരോട് പൊതുപ്രവർത്തകൻ ശരീഫ് മലയമ്മ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇദ്ദേഹം അധികൃതരുമായി നിരവധി തവണ വിഷയം സംസാരിക്കുകയും ചെയ്തു. ചാത്തമംഗലം രജിസ്ട്രാർ ഓഫിസിലേക്ക് പലഭാഗത്തുനിന്ന് വരുന്ന ആളുകൾക്ക് മാത്രമല്ല, പ്രദേശവാസികൾക്കും സ്കൂൾ വിദ്യാർഥികൾക്കും ഈ ഭാഗത്തുനിന്ന് റോഡ് മുറിച്ചുകടക്കൽ വലിയ കടമ്പ തന്നെയായിരുന്നു. ഈ ഭാഗത്ത് വാഹനങ്ങൾ വരുന്നത് വളരെ അടുത്തെത്തുമ്പോൾ മാത്രമേ കാണാൻ കഴിയൂ എന്നുള്ളതിനാലാണ് നിരവധി തവണ പ്രദേശത്ത് അപകടങ്ങൾ ഉണ്ടാകാൻ കാരണം.
മാത്രമല്ല, ഈ ഭാഗത്ത് എത്തുമ്പോൾ വാഹനങ്ങൾ അമിത വേഗത്തിൽ പോകുന്നതും നിരവധി അപകടങ്ങൾ സംഭവിക്കാൻ ഇടയാക്കിയിരുന്നു. അപകടങ്ങൾ ഉണ്ടാകാതിരിക്കാനും റോഡ് മുറിച്ചുകടക്കാൻ എളുപ്പത്തിനും ആദ്യഘട്ടം എന്ന നിലയിൽ മാത്രമേ സീബ്ര ലൈൻ സ്ഥാപിച്ചതുകൊണ്ട് കാര്യമുള്ളൂ എന്നും അടുത്ത ഘട്ടത്തിൽ റോഡിന്റെ ഉയർന്ന മുനമ്പ് പോലെയുള്ള ഭാഗം ഉയരം കുറച്ച് നേരെയാക്കി ദൂരെനിന്ന് വരുന്ന വാഹനങ്ങൾക്ക് തമ്മിലും കാൽനട യാത്രക്കാർക്കും ഇരുഭാഗവും കാണാൻ കഴിഞ്ഞാൽ മാത്രമേ ശാശ്വത പരിഹാരം ആവുകയുള്ളൂ എന്നുമാണ് നാട്ടുകാരുടെ അഭിപ്രായം.