കുറ്റിക്കാട്ടൂരിൽ വൻ തീപിടിത്തം; ആക്രിക്കടയുടെ ഗോഡൗണിനാണ് തീപിടിച്ചത്
text_fieldsകുറ്റിക്കാട്ടൂരിൽ ആക്രിക്കടയിലുണ്ടായ തീപിടിത്തം അഗ്നിരക്ഷ സേന അണക്കുന്നു
കുറ്റിക്കാട്ടൂർ: പൈങ്ങോട്ടുപുറത്ത് ആക്രിക്കടയുടെ ഗോഡൗണിൽ വൻ തീപിടിത്തം. പൈങ്ങോട്ടുപുറം ആനശ്ശേരി ക്ഷേത്രത്തിനുസമീപത്തെ കെട്ടിടത്തിലെ ആക്രിക്കടയുടെ ഗോഡൗണിലാണ് ഞായറാഴ്ച രാത്രി 8.45ഓടെ തീപിടിത്തമുണ്ടായത്. വെള്ളിമാട്കുന്ന്, മീഞ്ചന്ത, നരിക്കുനി, മുക്കം എന്നിവിടങ്ങളിൽനിന്നെത്തിയ 10 യൂനിറ്റ് അഗ്നിരക്ഷസേനയെത്തി തീ കെടുത്താനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്.
ഗോഡൗൺ കെട്ടിടത്തിനകത്ത് കൂട്ടിയിട്ട ടിന്നുകളും പ്ലാസ്റ്റിക്കും അടക്കമുള്ള സാധനങ്ങൾക്കാണ് തീപിടിച്ചത്. ഉടൻതന്നെ രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേനയെത്തി തീയണക്കാനുള്ള ശ്രമം തുടങ്ങി. തീ നിയന്ത്രണവിധേയമാക്കാൻ കഴിയില്ലെന്ന് വന്നതോടെ കൂടുതൽ യൂനിറ്റുകൾ എത്തുകയായിരുന്നു. സമീപത്തെ കെട്ടിടത്തിൽ ഒമ്പത് ഇതര സംസ്ഥാന തൊഴിലാളികളുണ്ടായിരുന്നു. ഇവരാണ് തീപിടിത്തം കണ്ടത്.
മഴയും ശക്തമായ മിന്നലുമുണ്ടായ സമയത്താണ് തീപിടിത്തം. മിന്നലിൽ വൈദ്യുതിലൈനിൽ സ്പാർക്ക് കണ്ടതായി ഇതര സംസ്ഥാന തൊഴിലാളികൾ പറഞ്ഞു.
മൂഴിക്കൽ സ്വദേശിയുടേതാണ് ആക്രിക്കടയെന്നാണ് വിവരം. സമീപത്ത് വാടകസാധനങ്ങൾ സൂക്ഷിച്ച കടയും കുറച്ചു ദൂരെ വീടുകളുമുണ്ട്. ഇവിടേക്ക് തീപടരാതിരിക്കാനാണ് ശ്രമം. മെഡിക്കൽകോളജ്, കുന്ദമംഗലം പൊലീസും സ്ഥലത്തെത്തി.