ഷോക്കേറ്റ് മരിച്ച സംഭവം; കെ.എസ്.ഇ.ബിക്ക് വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്
text_fieldsകുറ്റിക്കാട്ടൂർ: കുറ്റിക്കാട്ടൂരിൽ 19കാരൻ ഷോക്കേറ്റ് മരിച്ചതിൽ കെ.എസ്.ഇ.ബിക്ക് വീഴ്ചയുണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്. സർവിസ് വയറിൽ നിന്നുള്ള വൈദ്യുതി ചോർച്ചയാണ് ഷോക്കേൽക്കാനിടയാക്കിയതെന്നാണ് കണ്ടെത്തൽ. ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ അന്വേഷണ റിപ്പോർട്ടിലാണ് കണ്ടെത്തലുള്ളത്. ചോർച്ച അറിയിച്ചിട്ടും തടയാനുള്ള നടപടി ജീവനക്കാർ സ്വീകരിച്ചില്ലെന്നും സർവിസ് വയറിന് മാനദണ്ഡപ്രകാരമുള്ള സുരക്ഷ സംവിധാനമുണ്ടായിരുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പൂവാട്ടുപറമ്പ് എരഞ്ഞിക്കൽതാഴം പുതിയോട്ടിൽ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസാണ് (19) മേയ് 20ന് ഷോക്കേറ്റ് മരിച്ചത്. പുലർച്ചെ ഒന്നോടെ കിണാശ്ശേരിയിൽനിന്ന് വരുന്നതിനിടെ കുറ്റിക്കാട്ടൂർ-മുണ്ടുപാലം റോഡിലാണ് സംഭവം. സ്കൂട്ടർ കേടായതിനെതുടർന്ന് ശക്തമായ മഴയിൽ സമീപത്തെ സ്വകാര്യ പീടിക കെട്ടിടത്തിന്റെ വരാന്തയിലേക്ക് കയറ്റി നിർത്തുന്നതിനിടെ മേൽക്കൂരയുടെ ഇരുമ്പുതൂണിൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്.
തൂണിൽ ഷോക്ക് അനുഭവപ്പെട്ടതിനെത്തുടർന്ന് മൂന്നു ദിവസം മുമ്പുതന്നെ കെട്ടിട ഉടമയും പരിസരത്തുള്ളവരും നിരവധി തവണ കെ.എസ്.ഇ.ബി കോവൂർ സെക്ഷനിൽ വിവരം അറിയിക്കുകയും രേഖാമൂലം പരാതി നൽകുകയും ചെയ്തിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാരൻ സ്ഥലത്ത് വന്നെങ്കിലും നടപടിയൊന്നും എടുത്തില്ല. റിജാസിന്റെ മരണം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ റിപ്പോർട്ട് നേ നേരത്തെ വന്നിരുന്നു.