പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാരന് കുത്തേറ്റു
text_fieldsകോംട്രസ്റ്റിനുള്ളിൽ ഒളിച്ചിരുന്നവരെ കണ്ടെത്താൻ പ്രതിയുമായെത്തിയ പൊലീസ്
കുറ്റിക്കാട്ടൂർ: ബൈക്ക് മോഷണക്കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസിനുനേരെ ആക്രമണം. കത്തിക്കുത്തിൽ പൊലീസുകാരന് പരിക്കേറ്റു. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ സന്ദീപിനാണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ സന്ദീപിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനുശേഷം ഓടി രക്ഷപ്പെട്ട കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് താഇഫിനെ പിന്നീട് പിടികൂടി.
വ്യാഴാഴ്ച ഉച്ചയോടെ കുറ്റിക്കാട്ടൂർ കണിയാത്ത് പള്ളിക്ക് സമീപമാണ് സംഭവം. ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ പിടികൂടാനെത്തിയതായിരുന്നു മെഡിക്കൽ കോളജ് പൊലീസ് എസ്.ഐ നിധിൻ, എസ്.ഐ രാധാകൃഷ്ണൻ, ഡ്രൈവർ സന്ദീപ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. സിറ്റിയിലും റൂറലിലും നിരവധി മോഷണക്കേസിലെ പ്രതികളായ അക്ഷയ്, ശിഹാബ്, മുഹമ്മദ് താഇഫ് എന്നിവരാണ് ബൈക്ക് മോഷണക്കേസിലെന്ന വിവരത്തെത്തുടർന്നാണ് ഇവരെ പിടികൂടാനെത്തിയത്.
അക്ഷയ്, ശിഹാബ് എന്നിവരെ പിടികൂടിയെങ്കിലും മുഹമ്മദ് താഇഫ് കത്തിവീശി സന്ദീപിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന്, ഇയാൾക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തുകയായിരുന്നു. വൈകീട്ട് ആറരയോടെയാണ് മാനാഞ്ചിറ കോംട്രസ്റ്റ് ഫാക്ടറിക്കുള്ളിലെ പഴയ കെട്ടിടത്തിനുള്ളിൽവെച്ച് മുഹമ്മദ് താഇഫിനെ പിടികൂടിയത്. മോഷണസംഘമടക്കമുള്ള സാമൂഹികദ്രോഹികളുടെ താവളമാണ് ഇവിടെയെന്നാണ് കരുതുന്നത്. സ്റ്റൗ അടക്കമുള്ള ഉപകരണങ്ങൾ പൊലീസ് കണ്ടെത്തി.