കിണറുകളിലെ വെള്ളത്തിന് പിങ്ക് നിറം; ആശങ്കയോടെ ഗ്രാമം
text_fieldsകീഴ്മാട് ഭാഗത്തെ കിണറുകളിലെ വെള്ളത്തിനു കാണപ്പെട്ട
നിറവ്യത്യാസം
കുറ്റിക്കാട്ടൂർ: കിണറിലെ വെള്ളത്തിന് പിങ്ക് നിറം പടരുന്നത് ഗ്രാമത്തെ ആശങ്കയിലാക്കുന്നു. പെരുവയൽ ഗ്രാമപഞ്ചായത്ത് 17ാം വാർഡിൽ കീഴ്മാട് പ്രദേശത്തെ കിണറുകളിലാണ് നിറവ്യത്യാസം കാണപ്പെട്ടത്. 100 മീറ്റർ ചുറ്റളവിലെ മൂന്നു കിണറുകളിലാണ് ഞായറാഴ്ച നിറംമാറ്റം ശ്രദ്ധയിൽപെട്ടത്. ഉച്ചക്ക് 11 മണിയോടെയാണ് മാത്തോട്ടത്തിൽ അരുണിന്റെ വീട്ടുമുറ്റത്തെ കിണറ്റിൽ ചെറിയ തോതിൽ നിറംമാറ്റം കണ്ടത്.
വൈകീട്ടോടെ പൂർണമായി പിങ്ക് നിറമായി. തൊട്ടടുത്ത് മാത്തോട്ടത്തിൽ രാജീവ്, മാത്തോട്ടത്തിൽ വിജയരാഘവൻ എന്നിവരുടെ കിണറ്റിലും സമാന സ്ഥിതിയുണ്ടായി. കുന്നിൽചരിവിൽ ഉയർന്ന സ്ഥലത്തെ പ്രദേശമായതിനാൽ തെളിഞ്ഞ ശുദ്ധജലമാണ് ഈ ഭാഗത്തെ കിണറുകളിൽ ലഭിച്ചിരുന്നത്. കിണർ മലിനമാകാനുള്ള കാരണം വ്യക്തമല്ല. അവധി ദിവസമായതിനാൽ ജലപരിശോധന നടത്താനായിട്ടില്ല. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഷറഫുദ്ദീൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് പാലാട്ട്, അംഗം സുസ്മിത വിത്താരത്ത് എന്നിവർ സ്ഥലം സന്ദർശിച്ചു.