കുറ്റ്യാടി മണ്ഡലം; 1150 കോടി രൂപയുടെ പദ്ധതികൾ യാഥാർഥ്യമാകുന്നു -കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ
text_fieldsവടകര: കുറ്റ്യാടി മണ്ഡലത്തിൽ 1150 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ യാഥാർഥ്യമാവുകയാണെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 7.35 കോടി രൂപ സഹായമായി നൽകി. 53.76 കിലോമീറ്റർ നീളത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ വിവിധ റോഡുകൾ ഉന്നത നിലവാരത്തിലാക്കി.
ഇതിനായി സംസ്ഥാനസർക്കാർ അനുവദിച്ചത് 52.61 കോടി രൂപയാണ്. 30.63 കിലോമീറ്റർ നീളത്തിൽ 35.9 കോടി രൂപയുടെ വിവിധ റോഡ് പ്രവൃത്തികൾ പുരോഗതിയിലാണ്. 37.4 കോടി രൂപയുടെ കുറ്റ്യാടി ബൈപാസ്, 77 കോടി രൂപയുടെ വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് എന്നിവയും പുരോഗമിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കുമായി 15.34 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചത്. പട്ടികജാതി ഉന്നമനത്തിനായി 5.5 ക്കോടി രൂപയുടെ പ്രവർത്തികൾക്കാണ് അനുമതി നൽകിയത്.
ലോകനാർക്കാവ് പൈതൃക പദ്ധതിയുടെ ഭാഗമായി നാലരക്കോടി രൂപയുടെ ഗസ്റ്റ് ഹൗസ് നിർമ്മാണം പൂർത്തീകരിച്ചു. ചൊവ്വാപ്പുഴ ഇക്കോ ടൂറിസം മണിയൂർ,അക്വാട്ടിക് ട്രെയിനിങ് സെൻറർ മേമുണ്ട എന്നിവയും ടൂറിസം വകുപ്പിൽ നിന്നും അനുവദിച്ച പദ്ധതികളാണ്. 15.2 കോടി രൂപയുടെ പദ്ധതികൾക്കാണ് ടൂറിസം വകുപ്പിൽ നിന്നും അനുമതി ലഭിച്ചത്.
ജലജീവന്‍ മിഷൻ പദ്ധതിക്കായി കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 522 കോടി രൂപയുടെ പ്രവർത്തികളാണ് നടപ്പിലാക്കുന്നത്.സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ വടകര മാഹി കനാല്‍ പ്രവൃർത്തിക്കായി 69.89 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. ഇതിൽ മുഴിക്കൽ ബ്രിഡ്ജും അപ്പ്രോച്ച് റോഡും പ്രവൃത്തി പൂർത്തിയായി. കോട്ടപ്പള്ളി പാലം പ്രവൃത്തി ആരംഭിച്ചു. വെങ്ങോളി പാലത്തുനിന്ന് ആരംഭിക്കുന്ന റോഡിന് 97 ലക്ഷം രൂപയുടെ അനുമതിയും നൽകി.
കായിക മേഖലയിലെ വിവിധ പദ്ധതികൾക്ക് 8.1 കോടി രൂപയുടെ പദ്ധതികൾക്ക് സർക്കാർ അനുമതി നൽകി. ആരോഗ്യ മേഖലയിൽ 28.5 കോടി രൂപയുടെ കുറ്റ്യാടി താലൂക്ക് ആശുപത്രി പൂർത്തീകരണത്തിലേക്ക് കടക്കുകയാണ്. വാർത്തസമ്മേളനത്തിൽ എൽ.ഡി.എഫ് നേതാക്കളായ പി.കെ. ദിവാകരൻ, ടി.പി. ഗോപാലൻ, പി. സുരേഷ്ബാബു, കെ.കെ. സുരേഷ്, ടി.കെ. രാഘവൻ, പി.സി. ഷൈജു, സി.എച്ച്. ഹമീദ്, മഹേഷ് പയ്യട, എം.എം. ദിനേശൻ, പി.പി. മുകുന്ദൻ എന്നിവർ പങ്കെടുത്തു.


