റോഡിന് സ്ഥലം വിട്ടുകൊടുത്തില്ല; തൊട്ടിൽപാലത്ത് വീടിനു നേരെ ആക്രമണം
text_fieldsജമാലിന്റെ വീട്ടുമതിലിലെ വിളക്കുകൾ തകർത്ത നിലയിൽ
കുറ്റ്യാടി: മലയോര റോഡിന് സ്ഥലം വിട്ടുകൊടുക്കാത്തതിന് തൊട്ടിൽപാലത്ത് വീട് ആക്രമിച്ച് കേടുവരുത്തിയതായി പരാതി. മരുതുള്ളപറമ്പത്ത് ജമാലിന്റെ വീട്ടിലെ ജനൽചില്ലുകളും മതിലിലെ വൈദ്യുതി വിളക്കുകൾ മുഴുവനും എറിഞ്ഞുപൊളിച്ചതായി ഭാര്യ സുലൈഖ തൊട്ടിൽപാലം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ജമാൽ ഖത്തറിലാണ്. വീട്ടിൽ ജമീലയും കുട്ടിയും മാത്രമാണുണ്ടായിരുന്നത്. രാത്രി 10ന് വീട്ടിനു മുന്നിൽ ബഹളം കേട്ടു. മതിലിലെ ലൈറ്റിട്ടപ്പോൾ അക്രമികൾ ഓടിമറഞ്ഞതായും എന്നാൽ, രാത്രി 12ന് വീണ്ടുമെത്തി അക്രമം നടത്തി ഓടിമറയുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. വീടിന് എതിർവശത്ത് കുറ്റ്യാടിയിലെ കൂരീന്റവിട കരീമിന്റെ പറമ്പും ഇടിച്ചു. ഉടനെ തൊട്ടിൽപാലം സ്റ്റേഷനിലും സി.ഐയെയും ബന്ധപ്പെട്ടെങ്കിലും പൊലീസ് എത്തിയില്ല.
തുടർന്ന് തിരുവനന്തപുരം പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടർന്ന് വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. കേസെടുക്കുകയും ചെയ്തു. റോഡിന് സ്ഥലം വിട്ടുകൊടുക്കാത്തതിന് ജമാലിനെതിരെ ഭീഷണിയുണ്ടായിരുന്നത്രെ. നഷ്ടപരിഹാരം ലഭിക്കാതെ സ്ഥലം ഏറ്റെടുക്കരുതെന്ന് കാണിച്ച് ഇവർ ഹൈകോടതിയിൽനിന്ന് ഉത്തരവ് സമ്പാദിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ ഇതേ പ്രകാരം കോടതി ഉത്തരവു വാങ്ങിയിരുന്ന കളരിയുള്ളതിൽ അശോകന്റെ വീട്ടുമതിൽ ഒരു സംഘം തകർത്ത് റോഡിന് ആവശ്യമായ സ്ഥലം രൂപപ്പെടുത്തിയിരുന്നു.
അതേസമയം, മലയോര ഹൈവേ പൂക്കോട് ഭാഗം പ്രവൃത്തിയുമായി ബന്ധപ്പെട്ട് സ്ഥലം ഉടമ കളരിപ്പൊയിൽ അശോകനും റോഡ് കമ്മിറ്റിയുമായുണ്ടായ തർക്കങ്ങൾ അശോകന്റെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ചർച്ച ചെയ്ത് പരിഹരിച്ചതായി ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് പി.ജി. ജോർജ് അറിയിച്ചു. കേസുകൾ ഇരുകൂട്ടരും പിൻവലിക്കുമെന്നും പറഞ്ഞു.