വസ്ത്രാലയത്തിൽ ബാലനെ ആക്രമിച്ച ജീവനക്കാരൻ അറസ്റ്റിൽ
text_fieldsവസ്ത്രാലയത്തിൽ ബാലനെ മർദിക്കുന്ന സി.സി.ടി.വി ദൃശ്യം
കുറ്റ്യാടി: തൊട്ടിൽപാലത്ത് കടയിൽ വസ്ത്രമെടുക്കാൻ വന്ന 12കാരനെ മർദിച്ച കേസിൽ ജീവനക്കാരൻ അറസ്റ്റിൽ. ചാത്തങ്കോട്ടുനട ചേനക്കാത്ത് അശ്വന്തിനെയാണ് (28) തൊട്ടിൽപാലം പൊലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച വാങ്ങിയ വസ്ത്രം പാകമാകാത്തതിനാൽ മാറ്റിയെടുക്കാൻ മാതാവിനൊപ്പം എത്തിയപ്പോഴാണ് ജീവനക്കാരന്റെ അതിക്രമം. പരിക്കേറ്റ കുട്ടി കുറ്റ്യാടി ഗവ. ആശുപത്രിയിൽ ചികിത്സ തേടി.കാണിച്ചു കൊടുത്ത ഇനങ്ങളൊന്നും കുട്ടിക്ക് ഇണങ്ങാത്തതിൽ ക്ഷുഭിതനായി കടയുടെ മറ്റൊരു ഭാഗത്ത് കൊണ്ടുപോയി പിടിച്ചു തള്ളുന്നതും വലിച്ചിഴക്കുന്നതും സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
കുട്ടി ഭാഗ്യത്തിനാണ് തലയിടിച്ച് വീഴാതിരുന്നത്. ആക്രമണത്തിനിരയായ കുട്ടി മാതാവിനോട് പരാതി പറഞ്ഞതോടെ നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. സംഭവം ജീവനക്കാരൻ നിഷേധിച്ചപ്പോൾ കുട്ടിയും നാട്ടുകാരും സി.സി.ടി.വി പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതായി എസ്.ഐ അറിയിച്ചു. ബന്ധുക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകിയിട്ടുണ്ട്.