കുഞ്ഞമ്മദ്കുട്ടിക്ക് മുൻതൂക്കം തപാൽ വോട്ടുകളിൽ
text_fieldsകുറ്റ്യാടി മണ്ഡലത്തിൽ നിന്ന് വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർഥി കെ.പി. കുഞ്ഞമ്മദ്കുട്ടി വോെട്ടണ്ണൽ കേന്ദ്രമായ മേമുണ്ട ഹയർസെക്കൻഡറി സ്കൂളിൽനിന്ന് പുറത്തേക്കു വരുന്നു
കുറ്റ്യാടി: കഴിഞ്ഞതവണ കൈവിട്ടുേപായ കുറ്റ്യാടി മണ്ഡലം എൽ.ഡി.എഫിലെ കെ.പി. കുഞ്ഞമ്മദ്കുട്ടി ഇത്തവണ 333 വോട്ടിെൻറ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിച്ചത് തപാൽ േവാട്ടിെൻറ പിൻബലത്തിൽ. വോട്ടിങ് മെഷീനിലെ വോട്ടുകളിൽ ഭൂരിപക്ഷം സിറ്റിങ് എം.എൽ.എയായ മുസ്ലിംലീഗിലെ പാറക്കൽ അബ്ദുല്ലക്ക് ലഭിച്ചപ്പോൾ തപാൽ വോട്ടുകളിൽ കൂടുതൽ ലഭിച്ചത് കുഞ്ഞമ്മദ്കുട്ടിക്ക്.
അദ്ദേഹത്തിന് ഇ.വി.എമ്മിൽ 77,265 വോട്ടും 2878 തപാൽ വോട്ടും അടക്കം 80,143 വോട്ട് ലഭിച്ചു. എന്നാൽ, പാറക്കൽ അബ്ദുല്ലക്ക് ഇ.വി.എമ്മിൽ 77,561 വോട്ട് ലഭിച്ചിട്ടുണ്ട്. തപാൽ വോട്ട് 2249 മാത്രമാണ് ലഭിച്ചത്. 2016 ൽ സി.പി.എമ്മിലെ കെ.കെ. ലതികയെ 1,157 േവാട്ടിെൻറ ഭൂരിപക്ഷത്തിന് തോൽപിച്ചാണ് പാറക്കൽ അബ്ദുല്ല എൽ.ഡി.എഫിെൻറ കുത്തക മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചത്. ബി.ജെ.പി.ക്ക് കഴിഞ്ഞ തവണ 12,327 വോട്ട് കിട്ടിയപ്പോൾ ഇത്തവണ അത് 9139 ആയി കുറഞ്ഞു. ആദ്യവസാനം ലീഡ് മാറിമറിഞ്ഞാണ് അവസാനം നേരിയ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് ജയിച്ചത്.
രാവിലെ എട്ടരക്ക് വോെട്ടണ്ണൽ ആരംഭിച്ചെങ്കിലും ആദ്യ റൗണ്ടിലെ ലീഡ് ലഭിച്ചത് പത്തിന്. കെ.പി. കുഞ്ഞമ്മദ്കുട്ടി 175 വോട്ടിെൻറ ഭൂരിപക്ഷമുണ്ടായിരുന്നത് രണ്ടാം റൗണ്ടിൽ അത് പാറക്കൽ അബ്ദുല്ലക്കായി. ഏഴാം റൗണ്ടിൽ 3320 വോട്ടിെൻറ ലീഡ് ലഭിച്ച പാറക്കലിന് എട്ടാം റൗണ്ടുമുതൽ ലീഡ് കുറഞ്ഞ് തുടങ്ങി. പതിനൊന്ന് റൗണ്ടിലും പാറക്കലിന് ഭൂരിപക്ഷം ലഭിച്ചെങ്കിലും തപാൽ വോട്ടിൽ 629 വോട്ടിെൻറ ഭൂരിപക്ഷം കുഞ്ഞമ്മദ്കുട്ടിക്ക് ലഭിച്ചതോടെ യു.ഡി.എഫിെൻറ വിജയപ്രതീക്ഷ മങ്ങുകയും എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ ആഹ്ലാദം ഉയരുകയുമായിരുന്നു.
വാഗ്ദാനം പാലിക്കും –കുഞ്ഞമ്മദ് കുട്ടി
വടകര : പ്രതീക്ഷിച്ചതിലും വലിയ വോട്ടാണ് കുറ്റ്യാടിയിലെ ജനങ്ങൾ നൽകിയതെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി. സന്തോഷ മുഹൂർത്തമാണിത്. ബി.ജെ.പിക്കുണ്ടായ വോട്ട് ചോർച്ച പരിശോധിക്കണം. ഭൂരിപക്ഷം കുറഞ്ഞത് യാഥാർഥ്യമാണ്. വികസനത്തിന് കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കുറ്റ്യാടിയിൽ സി.പി.എം അണികളുെട വിജയം
കോഴിക്കോട്: സി.പി.എം പ്രവർത്തകർ പൊരുതിനേടിയ ജയമാണ് കുറ്റ്യാടിയിൽ എൽ.ഡി.എഫ് സ്വന്തമാക്കിയത്. പുതിയ ഘടകകക്ഷിയായ കേരള കോൺഗ്രസ് മാണി വിഭാഗത്തിന് കുറ്റ്യാടി മണ്ഡലം വിട്ടുകൊടുത്തതിനെതിരെ ചരിത്രത്തിലില്ലാത്ത പ്രതിഷേധമായിരുന്നു കുറ്യാടിയിലുണ്ടായിരുന്നത്. കഴിഞ്ഞ തവണ പേരാമ്പ്രയിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച മുഹമ്മദ് ഇഖ്ബാലിനെയായിരുന്നു കേരള കോൺഗ്രസ് കുറ്റ്യാടിയിൽ സ്ഥാനാർഥിയാക്കിയത്.
എന്നാൽ, സി.പി.എം പ്രവർത്തകരുടെ പ്രതിഷേധം കാരണം ഇഖ്ബാലിന് കുറ്റ്യാടി മണ്ഡലത്തിൽ 'ലാൻഡ്' ചെയ്യാനായില്ല. ലോക്കൽ കമ്മിറ്റി നേതാക്കളടക്കം അണിനിരന്ന ആയിരക്കണക്കിന് പേരുടെ പ്രതിഷേധ പ്രകടനം സി.പി.എം ജില്ല നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ജില്ല സെക്രട്ടറി പി. മോഹനെൻറയും ഭാര്യയും മുൻ എം.എൽ.എയുമായ കെ.കെ. ലതികയുടെയും തട്ടകത്തിലായിരുന്നു പ്രവർത്തകരുടെ എതിർവികാരം അലയടിച്ചത്. ലതികക്കെതിരെ വ്യക്തിപരമായ മുദ്രാവാക്യങ്ങളും പ്രകടനത്തിൽ അലയടിച്ചിരുന്നു.
ഒടുവിൽ, കേരള കോൺഗ്രസ് വിട്ടുെകാടുത്ത സീറ്റിൽ സി.പി.എം പ്രവർത്തകരുെട ഇഷ്ടനേതാവായ കെ.പി. കുഞ്ഞമ്മദ് കുട്ടിയെ തന്നെ രംഗത്തിറക്കി. ഇതോടെ അദ്ദേഹത്തെ ജയിപ്പിക്കേണ്ട ബാധ്യതയും നേരത്തേ പ്രതിഷേധിച്ച പ്രവർത്തകർക്കുണ്ടായി. സിറ്റിങ് എം.എൽ.എ പാറക്കൽ അബ്ദുല്ലക്ക് മണ്ഡലത്തിലുണ്ടായിരുന്ന ജനപ്രീതിയെ മികച്ച പ്രചാരണത്തിലൂടെ സി.പി.എം മറികടക്കുകയായിരുന്നു. 333 വോട്ടിെൻറ ഭൂരിപക്ഷമേയുള്ളൂവെങ്കിലും കുറ്റ്യാടിയിലെ വിജയത്തിന് തിളക്കമേറെയാണ്.
പി. മോഹനനും കെ.കെ. ലതികയും പാര പണിയുമെന്ന പ്രചാരണവും ഏശിയില്ല. വടകരയിൽ െക.കെ. രമക്ക് പിന്തുണ നൽകുന്നതോടെ തൊട്ടടുത്ത കുറ്റ്യാടിയിൽ ഏറെ മുന്നേറാനാകുമെന്ന മുസ്ലിം ലീഗിെൻറ കണക്കുകൂട്ടലും പാളുകയായിരുന്നു. പ്രകടനം നടത്തിയ പ്രവർത്തകർക്കെതിരെ സി.പി.എം നടപടിയെടുക്കുമോയെന്നാണ് ഇനിയുള്ള ചോദ്യം.