ഉദ്ഘാടനം കാത്ത് കുറ്റ്യാടി താലൂക്ക് ആശുപത്രി സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്
text_fieldsഗവ. താലൂക്ക് ആശുപത്രിയോടനുബന്ധിച്ച്
പണിത സ്ത്രീകളുടെയും കുട്ടികളുടെയും
ബ്ലോക്ക്
കുറ്റ്യാടി: ഗവ. താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് പണിത സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് ഉദ്ഘാടനം നീളുന്നു. ഒരു കോടി രൂപ വകയിരുത്തി കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് നിർമാണം തുടങ്ങിയതാണ്. നിർമാണത്തിലെ മെല്ലെപ്പോക്ക് വിമർശനത്തിന് ഇടയാക്കിയിരുന്നു. അടുത്ത കാലത്താണ് നിർമാണം പൂർത്തിയായത്.
ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കുട്ടികളെ സ്ത്രീ വാർഡിന് സമീപം ചെറിയ സ്ഥലത്താണ് കിടത്തുന്നത്.
പുതിയ കെട്ടിടം തുറന്നാൽ ഇവർക്ക് വിപുലമായ സൗകര്യമുള്ള വാർഡ് ലഭിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. സ്ത്രീകൾക്കും കൂടുതൽ സൗകര്യം ലഭിക്കും.
അതേസമയം, പെയിന്റിങ് നടക്കാത്തതാണ് കെട്ടിടം തുറക്കുന്നതിന് തടസ്സമെന്ന് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി പറഞ്ഞു. ആരോഗ്യ വകുപ്പിൽനിന്ന് അടുത്തിടെയാണ് കളർ കോഡ് കിട്ടിയത്.
അത് കരാറുകാരനെ ഏൽപിച്ചിട്ടുണ്ട്. മേയിൽ കെട്ടിടം ഉദ്ഘാടനം ചെയ്യാമെന്നാണ് പ്രതീക്ഷിക്കുന്നത്. കുന്നുമ്മൽ സാമൂഹികാരോഗ്യ കേന്ദ്രം, കുറ്റ്യാടി ഡയാലിസിസ് സെന്റർ, കുന്നുമ്മൽ ബ്ലോക്ക് ഓഫിസ് കെട്ടിടം എന്നിവയും ഉദ്ഘാടനത്തിന് തയാറാവുന്നുണ്ടെന്നും അവർ പറഞ്ഞു.