മലവെള്ളം ഇറങ്ങിത്തുടങ്ങി; ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിത്താമസിപ്പിച്ചവർ വ്യാഴാഴ്ച ഉച്ചയോടെ തിരിച്ചെത്തി
text_fieldsകുറ്റ്യാടി: പശുക്കടവ് വനത്തിൽ ഉരുൾപൊട്ടിയതിനെതുടർന്ന് കുറ്റ്യാടി പുഴയും പോഷക നദികളും കരകവിഞ്ഞ് വെള്ളത്തിലായ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ജനങ്ങൾക്ക് ആശ്വാസം.
ബുധനാഴ്ച രാത്രി ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിത്താമസിപ്പിച്ചവർ വ്യാഴാഴ്ച ഉച്ചയോടെ തിരിച്ചെത്തി. കുറ്റ്യാടി, തൊട്ടിൽപാലം, കടന്തറ, എക്കൽ പുഴകളുടെ തീരത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറിയിരുന്നു. ഇവരെ മാറ്റിത്താമസിപ്പിച്ച ജനകീയ ദുന്തരനിവാരണ സേന, ആർ.ആർ.ടി വളന്റിയർമാർതന്നെയാണ് ഇവരെ തിരിച്ചെത്തിക്കുന്നതും. കുറ്റ്യാടി-വയനാട് റോഡിൽ തളീക്കര കാഞ്ഞിരോളിയിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
കൂടാതെ കുറ്റ്യാടി, കായക്കൊടി, മരുതോങ്കര, കാവിലുമ്പാറ, വേളം പഞ്ചായത്തുകളിൽ താഴ്ന്ന പ്രദേശങ്ങളിലുള്ള മിക്ക റോഡുകളും വെള്ളത്തിലായിരുന്നു. വ്യാഴാഴ്ച പകലാണ് വെള്ളം ഇറങ്ങിയത്. തളീക്കരയിൽ ബുധനാഴ്ച രാത്രിയുണ്ടായ വെള്ളപ്പൊക്കത്തിൽ സ്വകാര്യ കമ്പനിയുടെ വർക്ഷോപ്പിൽ സർവിസിന് കൊണ്ടുവന്ന 10ഓളം കാറുകളിൽ വെള്ളം കയറി.