മാലിന്യശേഖരണ കേന്ദ്രമായി വെറ്ററിനറി സബ്സെന്റർ
text_fieldsമാലിന്യശേഖരണ കേന്ദ്രമായ ഊരത്തെ പഞ്ചായത്തിന്റെ വെറ്ററിനറി സബ്സെന്റർ കെട്ടിടം
കുറ്റ്യാടി: ഊരത്ത് പഞ്ചായത്തിന്റെ വെറ്ററിനറി സബ്സെന്റർ കെട്ടിടം മാലിന്യശേഖരണ കേന്ദ്രമായതായി പരാതി. 2010-15 കാലത്ത് സ്വകാര്യ വ്യക്തി സംഭാവനയായി നൽകിയ സ്ഥലത്താണ് ഇത് നിർമിച്ചത്. കേമമായി ഉദ്ഘാടനവും നടത്തിയിരുന്നു. ഇതുവരെ ഡോക്ടറോ ജീവനക്കാരോ വരുകയോ ഉരുക്കളെ പരിശോധിക്കുകയോ ചെയ്യാറില്ലെന്ന് പരിസരവാസികൾ പറഞ്ഞു. എന്നാൽ, അന്ന് സർക്കാർ അനുമതി വാങ്ങാതെയാണ് കെട്ടിടം നിർമിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ പറഞ്ഞു.
നിലവിലെ പഞ്ചായത്ത് ഭരണസമിതി സബ്സെന്ററിന് അനുമതിക്കായി ശ്രമിച്ചെങ്കിലും വടയത്ത് പഞ്ചായത്തിന്റെ മൃഗാശുപത്രിയുള്ളതിനാൽ അനുമതി ലഭിച്ചില്ല. പുതിയ സബ്സെന്റർ അനുവദിക്കണമെങ്കിൽ ബന്ധപ്പെട്ട സ്ഥലത്ത് 250 ഉരുക്കളെങ്കിലും വേണം. കൂടാതെ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം സെന്റർ തുറന്നു പ്രവർത്തിക്കാൻ അനുമതിക്കായി അപേക്ഷിച്ചിരുന്നു. അതിനും അനുമതി ലഭിച്ചിട്ടില്ല. സബ്സെന്റർ പ്രവർത്തിപ്പിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വകുപ്പു മന്ത്രി കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ മുഖേന വീണ്ടും നിവേദനം നൽകിയതായും പ്രസിഡന്റ് പറഞ്ഞു.
സംസ്ഥാനത്ത് എവിടെയെങ്കിലും വെറ്ററിനറി സബ്സെന്ററുകൾ അടുച്ചുപൂട്ടുന്നുണ്ടെങ്കിൽ അവിടുത്തെ ജീവനക്കാരെ ഇങ്ങോട്ട് നിയമിക്കാമെന്ന് വകുപ്പു തലത്തിൽ അറിയിപ്പു ലഭിച്ചിരുന്നു. അതിനിടെ ഏഴാം വാർഡിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പൊതുസ്ഥലത്ത് സൂക്ഷിച്ച് പ്രയാസം സൃഷ്ടിക്കാതിരിക്കാൻ വെറ്ററിനറി സബ്സെന്റർ കെട്ടിടത്തിൽ സൂക്ഷിച്ച് കയറ്റി അയക്കുകയാണെന്നും പറഞ്ഞു.