Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightതകർന്ന കേരളത്തെ...

തകർന്ന കേരളത്തെ കൈപിടിച്ച് ഉയർത്തും -വി.ഡി. സതീശൻ

text_fields
bookmark_border
തകർന്ന കേരളത്തെ കൈപിടിച്ച് ഉയർത്തും -വി.ഡി. സതീശൻ
cancel
camera_alt

യു.ഡി.എഫ് പുതുയുഗയാത്ര കുറ്റ്യാടിയിൽ എത്തിയപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ സമ്മേളന വേദിയിലേക്ക് പ്രവർത്തകർ തോളിലേറ്റി കൊണ്ടുവരുന്നു

കുറ്റ്യാടി: പത്തുകൊല്ലത്തെ പിണറായി ഭരണത്തിൽ തകർന്നടിഞ്ഞ കേരളത്തെ യു.ഡി.എഫ് കൈപിടിച്ച് ഉയർത്തി ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാമാക്കി മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ‘കേരളത്തെ വീണ്ടെടുക്കാൻ’ എന്ന മുദ്രാവാക്യവുമായി അദ്ദേഹം നയിക്കുന്ന പുതുയുഗ യാത്രക്ക് ജില്ലയില ആദ്യ കേന്ദ്രമായ കുറ്റ്യാടിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തകർന്ന കേരളത്തെ കൈപിടിച്ച് ഉയർത്താനുള്ള ബാധ്യത യു.ഡി.എഫ് ഏറ്റെടുത്തു. സാമ്പത്തിക വിദഗ്ധരെ അടക്കം ഉൾപ്പെടുത്തി രണ്ടു വർഷക്കാലം നടത്തിയ ഗവേഷണത്തിലൂടെ സംസ്ഥാനത്തെ ഉയർച്ചയിലെത്തിക്കാനുള്ള പദ്ധതികൾ രൂപപ്പെടുത്തിയിട്ടുണ്ട്.

നികുതി, ഭരണ പരിഷ്കാരങ്ങൾ, വ്യാവസായിക, കാർഷിക മേഖലകളിൽ ചലനങ്ങൾ ഉണ്ടാക്കുന്ന പദ്ധതികൾ എന്നിവ രൂപപ്പെടുത്തിയിട്ടുണ്ട്. വെന്റിലേറ്ററിലായ ആരോഗ്യ മേഖലയെ എഴുന്നേൽപിച്ച് നടത്തിക്കും.150 ഡോക്ടർമാർ അടങ്ങിയ ഹെൽത്ത് കമീഷനുണ്ടാക്കിയിട്ടുണ്ട്. കേരളത്തെ ഇന്ത്യയിലെ ഡെസ്റ്റിനഷേൻ പോയന്റാക്കി ഉയർത്തും. വിദേശ രാജ്യങ്ങളിൽ നമ്മുടെ കുട്ടികൾ പഠിക്കുന്ന കോഴ്സുകൾ കേരളത്തിലെ സർവകലാശാലകളിലും ആരംഭിക്കും. തൊഴിൽ കിട്ടാനുള്ള പദ്ധതിയും നടപ്പിലാക്കും.

വിപ്ലവം സൃഷ്ടിക്കുന്ന സംരഭകത്വ പദ്ധതികൾ ഈ യാത്രയിൽ പ്രഖ്യാപിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റം വരുത്താൻ ഏഴ് മുൻ വൈസ് ചാൻസലർമാരുടെയും അക്കാദമീഷ്യന്മാരുടെയും നേതൃത്വത്തിൽ സമഗ്ര പദ്ധതി തയാറാക്കിയിട്ടുണ്ട്. കാർഷിക മേഖലക്ക് വലിയ പാക്കേജുണ്ടാവും. വിളകൾക്ക് സ്ഥിരമായി താങ്ങുവില ഏർപ്പെടുത്തും. വന്യജീവികളിൽനിന്ന് നാടിനെയും ജനങ്ങളെയും രക്ഷിക്കാൻ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പദ്ധതി രൂപവത്കരിക്കും. വരും തലമുറക്കുകൂടി ഉപകാരപ്പെടുന്ന പദ്ധതികളാണ് രൂപപ്പെടുന്നത്. ഇടതുപക്ഷ സഹയാത്രികർ എൽ.ഡി.എഫിനെ അധികാരത്തിൽ നിന്ന് ഇറക്കാൻ നമ്മോടൊപ്പമുണ്ടാവും. മൂന്നാമതും പിണറായി അധികാരത്തിൽ വരാൻ കേരളത്തിലാരും ആഗ്രഹിക്കുന്നില്ല. സി.പി.എം രക്ത സാക്ഷികളുടെ ഫണ്ട് പോലും തട്ടിയെടുക്കുന്നു.

ബജറ്റ് പ്രഖ്യാപനങ്ങൾ കടലാസിൽ മാത്രമാകുകയാണ്. ആളുകളെയും മതങ്ങളെയും ഭിന്നിപ്പിച്ച് തമ്മിലടിപ്പിച്ച് നേട്ടമുണ്ടാക്കുന്ന ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും പരിപാടികൾ കേരളത്തിൽ സി.പി.എം നടപ്പാക്കുകയാണ്. ഡൽഹിയിൽ ‘ചേട്ടൻബാവ’ ചെയ്യുന്ന പരിപാടികൾ കേരളത്തിൽ ‘അനിയൻബാവയും’ നടപ്പാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി അഡ്വ.പ്രമോദ് കക്കട്ടിൽ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, പ്രസന്നകുമാർ, മോൻസ് ജോസഫ്, എം.പിമാരായ ഷാഫി പറമ്പിൽ, എം.കെ. രാഘവൻ, മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല, ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ, ഷാനിമോൾ ഉസ്മാൻ, മുസ്ലിംലീഗ് ജില്ല പ്രസിഡന്റ് എം.എ. റസാഖ് മാസ്റ്റർ, വൈസ് പ്രസിഡന്റ് കെ.ടി. അബ്ദുറഹ്മാൻ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ശ്രീജേഷ് ഊരത്ത് വി.പി. മൊയ്തു എന്നിവർ സംസാരിച്ചു. നാദാപുരം, പേരാമ്പ്ര, വടകര എന്നിവിടങ്ങളിലും സ്വീകരണം ഒരുക്കി.

Show Full Article
TAGS:VD Satheesan Puthuyuga Yatra UDF Alliance kerala politics 
News Summary - We will lift up the devastated Kerala by holding hands - V.D. Satheesan
Next Story