വിറപ്പിച്ച് മുങ്ങിനടന്ന കുട്ടിയാന നാട്ടുകാരുടെ ‘പിടിയിൽ’
text_fieldsചൂരണിയിൽ വനം വകുപ്പിന്റെ ജീപ്പിനു മുന്നിലൂടെ റോഡിലേക്കിറങ്ങി ഓടുന്ന കുട്ടിയാന
കുറ്റ്യാടി: ആഴ്ചകളായി ജനവാസ മേഖലകളിലിറങ്ങി വിറപ്പിച്ച കുട്ടിയാനയെ നാട്ടുകാർ തടഞ്ഞുവെച്ചു. തൊട്ടിൽപ്പാലം ചൂരണിയിൽ വ്യാഴാഴ്ച രാവിലെ ആറിനാണ് സംഭവം. നിരവധി പേരെ ആക്രമിക്കുകയും വിളകൾ നശിപ്പിക്കുകയും ചെയ്ത കുട്ടിയാന ചൂരണി അംഗൻവാടിക്ക് സമീപമാണ് പ്രത്യക്ഷപ്പെട്ടത്. ഒരു വീട്ടുമുറ്റത്തു കൂടി ഓടിയ ആനയെ നാട്ടുകാർ വളയുകയായിരുന്നു. പലതവണ കാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഒച്ചവെച്ചും ആരവം മുഴക്കിയും തിരിച്ചുവിട്ടു.
പേടിസ്വപ്നമായിരുന്ന കുട്ടിയാനയെ കാണാൻ വീട്ടമ്മമാരും കുട്ടികളുമടക്കം നിരവധി പേരെത്തി. മയക്കുവെടിവെക്കാൻ ഡോക്ടറുമായി ഡി.എഫ്.ഒയോ റേഞ്ച് ഓഫിസറോ മയക്കുവെടി വിദഗ്ധനോ എത്താതിരുന്നതിനാൽ രാത്രി മുഴുവൻ 11 അംഗ എലഫെൻഡ് സ്ക്വാഡിന്റെയും ആർ.ആർ.ടി സംഘത്തിന്റെയും നാട്ടുകാരുടെയും ‘കസ്റ്റഡിയിൽ’ ആയിരുന്നു കുട്ടിയാന.
വനം വകുപ്പിന്റെ വാഹനത്തിന് മുന്നിലൂടെയും ആളുകൾക്കിടയിലൂടെയും കുട്ടിയാന ഓടുന്നതിന്റെയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സമീപത്തെ തോട്ടിനടുത്തുനിന്ന് തീറ്റയെടുത്ത ശേഷം തിരിച്ചോടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
രാവിലെ മുതൽ തടഞ്ഞുവെച്ചിട്ടും കൊണ്ടുപോകാൻ വനം വകുപ്പ് അധികൃതർ എത്താത്തതിൽ പ്രതിഷേധിച്ച്, സന്ധ്യയോടെ സ്ഥലത്തെത്തിയ കുറ്റ്യാടി, പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസർമാരുടെ നേതൃത്വത്തിലെത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിച്ചു. ആനയെ കയറിൽ ബന്ധിപ്പിക്കാമെന്ന് കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന വളന്റിയർമാർ അറിയിച്ചെങ്കിലും സമ്മതം ലഭിച്ചില്ലെന്ന് ചെയർമാൻ ബഷീർ നരയങ്കോട് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോർജ്, വാർഡ് അംഗം അനിൽ, കർഷക സംഘടന നേതാക്കൾ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കാവിലുമ്പാറ പഞ്ചായത്തിലെ ചൂരണി, കരിങ്ങാട് ഭാഗങ്ങളിൽ ആഴ്ചകളായി നാട്ടുകാരെ വിറപ്പിച്ച് വിലസുകയായിരുന്നു കുട്ടിയാന. കഴിഞ്ഞ ശനിയാഴ്ച കുട്ടിയാനയുടെ ചവിട്ടേറ്റ് വീട്ടുകാരന് പരിക്കേറ്റിരുന്നു. ഓടിരക്ഷപ്പെടുമ്പോൾ ഇയാളുടെ ഭാര്യക്കും പരിേക്കറ്റു. രണ്ടാഴ്ച മുമ്പ് രണ്ട് ബൈക്ക് യാത്രികർക്കും രണ്ട് സ്ത്രീകൾക്കും ആനയെക്കണ്ട് ഓടുന്നതിനിടെ വീണ് പരിക്കേറ്റിരുന്നു. കുട്ടിയാന നാട്ടിലിറങ്ങുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പിടിയിലാകുന്നത്.