കുറ്റ്യാടി ബൈപാസ് പ്രവൃത്തി അനിശ്ചിതത്വത്തിൽ: സ്ഥലം ഉടമകൾക്ക് നഷട പരിഹാരത്തുക നൽകാത്തത് തടസ്സം
text_fields1. കുറ്റ്യാടി ബൈപാസ് നിർമാണത്തിന് സ്ഥാപിച്ച കോൺക്രീറ്റ് മിക്സിങ് യൂനിറ്റ്, 2. കുറ്റ്യാടി-കോഴിക്കോട് റോഡിൽ നിർമിക്കുന്ന ബൈപാസ് അവസാനിക്കുന്ന ഭാഗം
കുറ്റ്യാടി: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്ന ബൈപാസ് നിർമാണത്തിന് കാത്തിരിപ്പ് തുടരുന്നു. കഴിഞ്ഞ സെപ്റ്റംബർ 30ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. റോഡിന് സ്ഥലം വിട്ടുനൽകുന്നവർക്ക് നഷ്ടപരിഹാരത്തുക നൽകാത്തതാണ് പ്രവൃത്തി ആരംഭിക്കാൻ തടസ്സമെന്ന് പറയുന്നു. നഷ്ടപരിഹാരത്തുക കിട്ടാതെ തന്നെ ചില ഉടമകൾ പ്രവൃത്തിക്ക് സ്ഥലം വിട്ടു നൽകാൻ തയാറാണെങ്കിൽ ചിലർക്ക് സമ്മതമില്ലാത്തതാണ് കരാറുകാരന് പ്രവൃത്തി തുടങ്ങാൻ തടസ്സമെന്ന് പറയുന്നു.
കിഫ്ബി ഫണ്ടിൽ 39.42 കോടി രൂപ ചെലവിലാണ് ബൈപാസ് നിർമിക്കുന്നത്. ഇതിൽ സ്ഥലം ഉടമകൾക്ക് 13.5 കോടി രൂപ നൽകേണ്ടതാണ്. കഴിഞ്ഞ ഒക്ടോബർ പകുതിയിൽ ഈ തുക ലാൻഡ് അക്വിസിഷൻ തഹസിൽദാർക്ക് കൈമാറിയതാണ്. കുറ്റ്യാടി ജുമാമസ്ജിദിന്റെ സ്ഥലത്തിനടക്കം 96 പേർക്കാണ് തുക നൽകേണ്ടത്. തുക ഉടമകൾക്ക് നൽകാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നതായും അന്ന് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ അറിയിച്ചിരുന്നു.
എന്നാൽ, മാസം അവസാനത്തോടെ പണം നൽകാൻ കഴിയുമെന്നാണ് പറയുന്നത്. ഒന്നര കിലോ മീറ്റർ ദൂരമുള്ള റോഡ് തടസ്സമില്ലാതെ തുടങ്ങി പൂർത്തിയാക്കണമെന്നാണ് കരാറുകാരായ ബാബ് കൺസ്ട്രക്ഷന്റെ ആഗ്രഹം. സ്ഥലം പൂർണമായി വിട്ടുകിട്ടിയില്ലെങ്കിൽ ആ ഭാഗങ്ങൾ ഒഴിവാക്കേണ്ടി വരും. കോൺക്രീറ്റ് മിക്സിങ്ങിനുള്ള സംവിധാനങ്ങളടക്കം ഒരുക്കി പ്രവൃത്തി തുടങ്ങാൻ കാത്തിരിക്കുകയാണ്.