പട്ടികജാതി കുടുംബങ്ങളുടെ പട്ടയ അപേക്ഷ തീർപ്പായി
text_fieldsഉണ്ണികുളം ഇയ്യാട് ചമ്മിൽ നാലു സെന്റ് ഉന്നതിയിലെ രണ്ടു
കുടുംബാംഗങ്ങൾ പട്ടയവുമായി ടീം വെൽഫെയർ പ്രവർത്തകരോടൊപ്പം
എകരൂൽ: രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ പട്ടികജാതി കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു. താമരശ്ശേരി താലൂക്ക് ശിവപുരം വില്ലേജിലെ ഉണ്ണികുളം പഞ്ചായത്ത് വാർഡ് 20 ൽ ചമ്മിൽ നാലു സെന്റ് ഉന്നതിയിലെ ഷൈനിക്കും ഗീത ക്കുമാണ് വെള്ളിയാഴ്ച പട്ടയം ലഭിച്ചത്. 2023 ൽ താമരശ്ശേരി നടന്ന താലൂക്കുതല അദാലത്തിൽ ആയിരുന്നു ഷൈനി പട്ടയത്തിന് അപേക്ഷിച്ചത്. തുടർന്ന് നിരവധി തവണ ഓഫിസുകൾ കയറി ഇറങ്ങിയിട്ടും പട്ടയം ലഭിച്ചിരുന്നില്ല. പട്ടയം ലഭിക്കാത്തതിനാൽ പഞ്ചായത്തിൽനിന്ന് വീട്ടുനമ്പർ അനുവദിച്ചിരുന്നില്ല.
വീടിന്റെ രേഖകൾ ഇല്ലാത്തതിനാൽ വൈദ്യുതി കണക്ഷൻ, റേഷൻ കാർഡ് എന്നിവ ഷൈനിയുടെ കുടുംബത്തിന് ലഭിച്ചിരുന്നില്ല. വൈദ്യുതിയില്ലാതെ ഗീതയുടെ പ്രൈമറി സ്കൂൾ വിദ്യാർഥികളായ പേരക്കുട്ടികൾ മെഴുകുതിരി വെളിച്ചത്തിലാണ് പഠിച്ചിരുന്നത്. പ്രയാസപ്പെടുന്ന രണ്ടു കുടുംബങ്ങളുടെയും അവസ്ഥ വിവരിച്ച് മാധ്യമം ബുധനാഴ്ച വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട ദിവസം തന്നെ പട്ടയക്കാര്യത്തിൽ തീർപ്പുണ്ടാവുകയും വെള്ളിയാഴ്ച പട്ടയം ലഭിക്കുകയും ചെയ്തു.
ഇവരുടെ വീടുകളിൽ വൈദ്യുതീകരണത്തിന് വയറിങ് ജോലികൾ ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. പ്രവൃത്തി പൂർത്തിയാവുന്നതോടെ വൈദ്യുതി കണക്ഷൻ നൽകാൻ നടപടികൾ സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി ഉണ്ണികുളം സെക്ഷൻ ഓഫിസിൽ നിന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്.


