റമദാൻ മാസത്തിൽ നോമ്പെടുത്ത് ലിനീഷും കുടുംബവും
text_fieldsകുന്ദമംഗലം: വർഗീയതയുടെയും വിദ്വേഷത്തിന്റെയും വിഷം കലയിലും കാറ്റിലുംപോലും പ്രചരിപ്പിക്കുമ്പോൾ മതസൗഹാർദത്തിന്റെ റിയൽ കേരള സ്റ്റോറിയുടെ കാഴ്ചയുണ്ട് കുന്ദമംഗലത്ത്. റമദാൻ മാസത്തിൽ നോമ്പെടുക്കുകയാണ് ചേരിഞ്ചാൽ സ്വദേശിയായ ഇടക്കോടൻകണ്ടിയിൽ ലിനീഷും കുടുംബവും. മൂന്ന് വർഷം മുമ്പാണ് ഇവർ ആദ്യമായി നോമ്പെടുത്തു തുടങ്ങിയത്. ലിനീഷിന്റെ സുഹൃത്തുക്കൾ നോമ്പ് അനുഷ്ഠിക്കുന്നത് കണ്ട് അവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ലിനീഷ് നോമ്പ് എടുക്കാൻ തുടങ്ങിയത്. ഭാര്യയും രണ്ട് പെണ്മക്കളും നോമ്പെടുക്കും. ഭാര്യയും മൂത്ത മകളുമാണ് നോമ്പ്തുറ വിഭവങ്ങൾ ഉണ്ടാക്കുന്നത്.
നോമ്പ് തുറക്കാൻ അടുത്ത വീടുകളിലേക്ക് പലപ്പോഴും ക്ഷണം ഉണ്ടാകാറുണ്ട്. നോമ്പ് എടുക്കുമ്പോൾ ഭാരം കുറയാറുണ്ട് എന്നും ശാരീരിക ഉന്മേഷം ലഭിക്കാറുണ്ട് എന്നും ലിനീഷ് പറയുന്നു. ആദ്യമൊക്കെ ഉച്ചയായാൽ വിശപ്പ് ഉണ്ടായിരുന്നു. നോമ്പ് തുറക്കാനായ സമയത്തെ കാത്തിരിപ്പിന് വല്ലാത്ത സുഖമാണ് എന്നാണ് ലിനീഷിന്റെ ഭാഷ്യം. കഴിഞ്ഞതവണ 22 നോമ്പെടുത്ത ലിനീഷ് ഇത്തവണ അതിൽ കൂടുതൽ നോമ്പെടുക്കാനാണ് ഉദ്ദേശിക്കുന്നത്. നമ്മെയും ചുറ്റുമുള്ള മനുഷ്യരെയും എല്ലാ വൈവിധ്യങ്ങളോടെയും സ്നേഹിക്കാനും അംഗീകരിക്കാനും നമുക്ക് കഴിയണമെന്നും റമദാന് നമ്മുടെ മനസ്സിനെ കൂടുതൽ വിശാലമാക്കാൻ കഴിയട്ടെയെന്നുമാണ് ലിനീഷിന് പറയാനുള്ളത്. കരാർ വർക്കുകാരനാണ് ലിനീഷ്. ഭാര്യ: ദീപ്തി. മക്കൾ: മയൂഖ, നിസ്വന.


