ആവേശ പോളിങ്
text_fieldsമൂഴിക്കൽ എൽ.പി സ്കൂളിൽ വോട്ട് ചെയ്യാൻ പോയ
മാതാവ് വരുന്നതും കാത്തിരിക്കുന്ന കുട്ടി
മൊബൈലിൽ ഗെയിം കളിക്കുന്നു
കോഴിക്കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജില്ലയിൽ ആവേശകരമായ പോളിങ്. ആദ്യമണിക്കൂറിൽ സാവകാശത്തിൽ നീങ്ങിയ പോളിങ് ഒരു മണിക്കൂർ പിന്നിട്ടതോടെ ആവേശത്തിലേക്കുനീങ്ങി. 8.30 ആകുമ്പോഴേക്കും 6.65 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഇത് ഒമ്പത് മണിയാവുമ്പോഴേക്കും 8.14 ആയി. ഗ്രാമീണമേഖലകളിലാണ് കൂടുതൽ ആവേശം ദൃശ്യമായത്. . 9.30ന് ജില്ലയിലെ ആകെ പോളിങ് 15.85 ആയും 10ന് 16.35 ആയും ഉയർന്നു.ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ രാവിലെ 9ന് ഒമ്പതുശതമാനം വരെ വോട്ടുകൾ പോൾ ചെയ്തു.
ബ്ലോക്ക് പഞ്ചായത്തുകളിൽ തോടന്നൂരിലാണ് രാവിലെ കനത്ത പോളിങ് ദൃശ്യമായത്. രാവിലെ 9ന് 17.92 ശതമാനം പോളിങ്. വെയില് കനക്കുന്നതോടെ വോട്ടിങ് കുറയുമെന്ന അനുമാനം തെറ്റിച്ച് 11.30ന് ജില്ലയിലെ പോളിങ് 35.01 ശതമാനത്തിലെത്തി. പോളിങ് നാലുമണിക്കൂർ പിന്നിട്ട് 12.04ന് 40.92 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. ഉച്ചക്ക് ഒന്നോടെ 50.23 ശതമാനമായി പോളിങ് കുതിച്ചുയർന്നു. ഉച്ചക്കുശേഷം അൽപം വേഗം കുറഞ്ഞ വോട്ടിങ് 3.09ന് 63.91ശതമാനമായി. 4.15 ഇത് 70 കടന്ന് 71.1ഉം 5.13ന് 75.01 ആയി ഉയർന്നു. വോട്ടിങ്ങിന്റെ അവസാന നിമിഷവും പോളിങ് കനത്തു. വൈകീട്ട് 5.45ന് 75.88 ശതമായിരുന്നു വോട്ടിങ് നില. ഇത് 6.09ന് 76.36 ആയി ഉയർന്നു. .
നഗരം പിന്നോട്ട്
ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരസഭകളിൽ വോട്ടിങ് ആവേശം കുറഞ്ഞു. ഇതിൽ തന്നെ കോഴിക്കോട് കേർപറേഷനാണ് ഏറ്റവും പിന്നിൽ. രാവിലെ 9.25ന് കോഴിക്കോട് കോർപറേഷനിൽ 13.83 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തി. രാനമാട്ടുകരയിൽ 18.55, മുക്കത്ത് 17.31, കെയിലാണ്ടിയിൽ 16.49 ഉം വടകരയിൽ 16.69ഉം പയ്യോളിയിൽ 16.6, ഫറോക്കിൽ 14.44, കൊടുവള്ളിയിൽ 16.29 എന്നിങ്ങനെയായിരുന്നു ഈ സമയം പോളിങ്. 10.22ന് ജില്ലയിലെ ആകെ പോളിങ് 24.42 ആയി ഉയർന്നു. 10.30ന് ജില്ലാ പഞ്ചായത്ത് തലത്തിൽ 26.15 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോൾ ഇത് കോർപറേഷനിൽ 21.84 ശതമാനമായിരുന്നു. വൈകീട്ട് 6.27 വരെ 68.95 ശതമാനമായിരുന്നു പോളിങ്. രാമനാട്ടുകരയാണ് മുന്നിൽ- 81.16.
സമയം കവർന്ന് ഓപൺ വോട്ടുകൾ
ഓപൺ വോട്ടുകൾ കൂടിയത് പലബൂത്തുകളിലും പോളിങ് വൈകാനിടയാക്കി. വോട്ട് നഷ്ടമാവുന്നത് ഓഴിവാക്കാൻ പ്രായമായവരെയെല്ലാം ഓപൺവോട്ടിലേക്കു മാറ്റുകയായിരുന്നു രാഷ്ട്രീയ പാർട്ടികൾ. ആംബുലൻസുകളിൽ എത്തിക്കുന്ന രോഗികളുടെ തിരിച്ചറിയൽ കാർഡ് പരിശോധിക്കാനും ഒപ്പ് പതിപ്പിക്കാനും പോളിങ് ഉദ്യോഗസ്ഥർ ബൂത്തിൽനിന്ന് പുറത്തിറങ്ങേണ്ടിവന്നതും സമയം കവർന്നു.


