അലകടലിൻ അലയൊലിയായ് എളമരം കരീം
text_fieldsകോഴിക്കോട് ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീമിന്
കുന്ദമംഗലം നിയോജക മണ്ഡലത്തിലെ തൊണ്ടിലക്കടവിൽ കുട്ടികൾ നൽകിയ
സ്വീകരണം -കെ. വിശ്വജിത്ത്
കോഴിക്കോട്: ചുരുങ്ങിയ വാക്കുകളിലാണ് എളമരം കരീമിന്റെ പ്രസംഗം. അമിതാവേശമില്ല, നിറവേറ്റാൻ കഴിയാത്ത മോഹന വാഗ്ദാനങ്ങളില്ല, പഞ്ചാരപ്പുഞ്ചിരിയോ കെട്ടിപ്പിടിക്കലുകളോ എന്തിന്, കലപില കൂട്ടുന്ന കുശലാന്വേഷണങ്ങൾ പോലുമില്ല. കാര്യമാത്ര പ്രസക്തമായ സംസാരവും ആത്മാർഥതയോടെയുള്ള കൈകുലുക്കലും. ഉപചാരങ്ങളെല്ലാം അവിടെ കഴിയുന്നു. പക്ഷേ, കോഴിക്കോട്ടുകാരുടെ ഹൃദയത്തിൽ തൊടുന്നതാണ് സഖാവിന്റെ സംസാരം.
‘എന്നെ രണ്ടു തവണയാണ് പാർലമെന്റിൽനിന്ന് മോദി സർക്കാർ പുറത്താക്കിയത്. കട്ടതിനോ മോഷ്ടിച്ചതിനോ ആണോ? അല്ല, കേരളത്തിനുവേണ്ടി സംസാരിച്ചതിന്. കേരളത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി സമരം ചെയ്തതിന്..... ജനാധിപത്യബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത കേന്ദ്രസർക്കാർ എന്നെ അതിന് പുറത്താക്കി.
ഇനിയും കേരളത്തിനുവേണ്ടി ഞാൻ ശബ്ദമുയർത്തുക തന്നെ ചെയ്യും, പാർലമെന്റിനകത്ത് മാത്രമല്ല, പാർലമെന്റിന് പുറത്തും...’ കോഴിക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വാഗ്ദാനം ഇതാണ്: എന്നും ജനങ്ങൾക്കൊപ്പം, കേരളത്തിന്റെ ആവശ്യങ്ങൾക്കൊപ്പം.
കുന്ദമംഗലം മണ്ഡലത്തിലാണ് എളമരം കരീമിന്റെ വോട്ടുതേടൽ. പ്രചാരണഗാനങ്ങളിലെല്ലാം നിറഞ്ഞുനിൽക്കുന്നത് കോഴിക്കോടും കോഴിക്കോടിന്റെ മതസൗഹാർദവും. കോവൂരിലെ വീട്ടിൽനിന്ന് പൂവാട്ടുപറമ്പിലെ സ്വീകരണകേന്ദ്രത്തിൽ രാവിലെ എട്ടുമണിക്ക് തന്നെ എത്തിയെങ്കിലും പാർട്ടി പ്രവർത്തകന്റെ മരണത്തിൽ അനുശോചിച്ച് സ്വീകരണ പരിപാടി മാറ്റിവെച്ചിരുന്നു.
ഷോക്കേറ്റ് മരിച്ച പ്രദീപ് കുമാറിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് നേരെ പാലാഴിയിലെ സ്വീകരണകേന്ദ്രത്തിലേക്ക്. കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങളോടെ പൊട്ടിയ പടക്കങ്ങൾക്കും മീതെ കരീംക്കയുടെ ജയത്തിന് വേണ്ടിയുള്ള മുദ്രാവാക്യം വിളികൾ. മുത്തുക്കുടയുടെയും ചെണ്ടമേളത്തിന്റെയും കട്ടൗട്ടുകളുടെയും അകമ്പടിയോടെ അടുത്ത സ്വീകരണകേന്ദ്രത്തിലേക്ക്.
പാലാഴിയിലും എം.ജി നഗറിലും കയറ്റിയിലും കൊടിനാട്ടുമുക്കിലും കോഴിക്കോടൻ കുന്നിലും കയറ്റിറക്കങ്ങളില്ലാത്ത സൗമ്യമായ പ്രസംഗം. തൊട്ടടുത്ത കടകളിലെത്തി തൊഴുകൈയോടെ വോട്ടുചോദിക്കുന്നു. വീടുകളിൽ പോയി, പ്രായമായവരുടെ അനുഗ്രഹാശിസ്സുകളുമായി മടങ്ങുന്നു.
കൂടെയുള്ളവർ ഓർമിപ്പിക്കുമ്പോൾ മാത്രം, സമയത്തെച്ചൊല്ലി കൃത്യനിഷ്ഠനാകുന്നു. സമയം കൃത്യമായി പാലിക്കുന്നതുകൊണ്ടുതന്നെ ഒട്ടും തിരക്കില്ലാതെ സൗമ്യമായ പുഞ്ചിരിയുമായി ജനങ്ങളിലൊരാളായി കൈകൊടുത്തും കൈകൂപ്പിയും പതുക്കെ നടന്നുനീങ്ങുന്നു. കോഴിക്കോടൻ കുന്നിലെ കുട്ടികളുടെ സംഘത്തിന്റെ നാസിക് ഡോൽ ആസ്വദിക്കുന്നു.
മാപ്പിളപ്പാട്ടിന്റെ അകമ്പടിയോടെയാണ് സ്ഥാനാർഥി തൊണ്ടിലക്കടവിലെത്തിയത്. പാട്ടിന് ഇമ്പം തീർക്കാനെന്നപോലെ ഒപ്പന വേഷത്തിൽ ചെറുബാല്യക്കാരത്തികൾ. അരിവാൾ ചുറ്റിക നക്ഷത്രം കൊത്തിയ ചുവന്ന നിറമുള്ള ബലൂണുകളും പിടിച്ചാണ് കസവുതട്ടമിട്ട മൊഞ്ചത്തികളുടെ നിൽപ്. രക്തഹാരമണിഞ്ഞ് സ്വീകരിച്ചത് പഴയകാല ട്രേഡ് യൂനിയൻ സഖാക്കളായ ചന്ദ്രേട്ടനും കൗസല്യ ചേച്ചിയും.
പ്രവർത്തകർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ചെറിയ ഇടവേളയിൽ തെരഞ്ഞെടുപ്പിന്റെ പൾസറിയാനുള്ള കൊച്ചുവർത്തമാനങ്ങൾ. മൂന്നുമണിയോടെ വീണ്ടും പ്രചാരണം. പെരുമണ്ണയിൽനിന്ന് തുടങ്ങിയ പ്രചാരണം രാത്രി വൈകി വെള്ളിപറമ്പിൽ അവസാനിക്കുമ്പോഴും പ്രവർത്തകരുടെ ആവേശത്തിന്റെ അലയടങ്ങിയിട്ടില്ലായിരുന്നു.
വിജയം ഉറപ്പ്
ഇത്തവണ വിജയം ഉറപ്പാണെന്ന് എളമരം കരീം ‘മാധ്യമ’ത്തോട് പറഞ്ഞു. 2021ൽ ഏഴ് അസംബ്ലി സീറ്റുകളിൽ ആറിലും എൽ.ഡി.ഫ് വിജയിച്ചതാണ്. ഒരു ലക്ഷത്തി പതിനാറായിരം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ആ സാഹചര്യത്തിനെക്കാൾ കൂടുതൽ മെച്ചമാണ് ഇപ്പോഴത്തെ അവസ്ഥ.
ഇടതുപക്ഷത്തിന് പാർലമെന്റിൽ കൂടുതൽ അംഗങ്ങളുണ്ടായാലേ ക്വാളിറ്റി മെച്ചപ്പെടുത്താൻ കഴിയൂ. ഈ ആശയത്തിന് പിന്തുണ നൽകണമെന്നാണ് ജനങ്ങളോട് പറയാനുള്ളത്. ഭരണഘടനക്കെതിരായ, ജനങ്ങൾക്കെതിരായ ആക്രമണങ്ങളെ തടയാൻ ആത്മാർഥമായി ശ്രമിക്കുന്നത് എൽ.ഡി.എഫ് മാത്രമാണ്.