സെന്റ് പാട്രിക്സ് പള്ളിയിൽ തീയിട്ടയാൾ പിടിയിൽ; മദ്യലഹരിയിൽ ചെയ്തതെന്ന് മൊഴി
text_fieldsജയന്ത് നായികിനെ പിടികൂടിയപ്പോൾ (നടുവിൽ)
കോഴിക്കോട്: നഗരഹൃദയത്തിലെ സെന്റ് പാട്രിക്സ് പള്ളിയിലെ മതബോധന ഓഫിസിനും വാഹനത്തിനും തീയിട്ടയാൾ പിടിയിൽ. ഒഡിഷ സ്വദേശി ജയന്ത് നായിക് (31) ആണ് പിടിയിലായത്. കോഴിക്കോട് ചെമ്മങ്ങാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ തീയിട്ടതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. തീവെപ്പിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടോ എന്നറിയാൻ ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഒഡിഷയിലെ മയൂർബഞ്ച് ജില്ലക്കാരനായ ഇയാൾ മൂന്നു മാസമായി കേരളത്തിലെത്തിയിട്ടെന്നും വിവിധയിടങ്ങളിൽ അലഞ്ഞുതിരിയുകയായിരുന്നെന്നും സിറ്റി പൊലീസ് കമീഷണർ ജി. ജയ്ദേവ് മാധ്യമങ്ങളോട് പറഞ്ഞു. മാഹിയിൽ പോയി മദ്യം വാങ്ങി കഴിച്ച് രാത്രി നഗരത്തിലെത്തിയാണ് പള്ളിയിൽ അതിക്രമിച്ച് കയറിയത്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്ന് പരിശോധിക്കാൻ ഒഡിഷ പൊലീസിനെ ബന്ധപ്പെടുമെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്ച പുലർച്ചെയാണ് ചർച്ചിന് പിന്നിലെ കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടായത്. മതബോധന ഓഫിസും പള്ളി വികാരിയുടെ കാറും കത്തിനശിച്ചു. മതബോധന ഓഫിസിൽ സൂക്ഷിച്ച പ്രധാന രേഖകൾ, പഴയ വൈദിക മന്ദിരത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ, രൂപക്കൂട് തുടങ്ങിയവ പൂർണമായി അഗ്നിക്കിരയായി. അഗ്നിരക്ഷസേനയുടെ നാല് യൂനിറ്റ് എത്തി വേഗത്തിൽ തീയണച്ചതിനാൽ പള്ളിയിലേക്ക് തീ പടർന്നില്ല. സംഭവത്തിൽ ആർക്കും പരിക്കില്ല.
സി.ഐ സന്തോഷ് കുമാർ, എസ്.ഐ യു.കെ. ബാബു, എ.എസ്.ഐ ദിനേശ് കുമാർ, ഒ.കെ. അരുൺ, കെ. അരുൺ, വിപിൻദാസ്, രഞ്ജിത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.


