Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാത്തോട്ടത്തുകാർക്ക്...

മാത്തോട്ടത്തുകാർക്ക് പൊലീസ് അതിക്രമത്തിന്റെ പേടിപ്പിക്കുന്ന ഓർമകൾ

text_fields
bookmark_border
മാത്തോട്ടത്തുകാർക്ക് പൊലീസ് അതിക്രമത്തിന്റെ പേടിപ്പിക്കുന്ന ഓർമകൾ
cancel
camera_alt

2022 മാ​ർ​ച്ച് 15ന് ​കോ​ഴി​ക്കോ​ട് മാ​ത്തോ​ട്ട​ത്ത് ബ​ലം​പ്ര​യോ​ഗി​ച്ച് പ്ര​തി​ഷേ​ധ​ക്കാ​രെ തു​ര​ത്തി വീ​ട്ടു​മു​റ്റ​ത്ത് സ്ഥാ​പി​ച്ച മ​ഞ്ഞ​ക്കു​റ്റി​ക്ക് പൊ​ലീ​സ് കാ​വ​ൽ​നി​ൽ​ക്കു​ന്നു (​ഫ​യ​ൽ ചി​ത്രം)

കോഴിക്കോട്: ഒരു മുന്നറിയിപ്പുമില്ലാതെ വൻ പൊലീസ്‍ സന്നാഹം വീട്ടുമുറ്റത്ത് വന്ന് നിൽക്കുക. പിന്നാലെ റവന്യൂ ഉദ്യോഗസ്ഥർ മഞ്ഞക്കുറ്റിയുമായി കെ. റെയിൽ സർവേ എന്ന പേരിൽ വന്ന് കല്ലിടാൻ നോക്കുക. എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ ആശങ്കയിൽ നിൽക്കുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്നവരെ ഭയപ്പെടുത്തിയും ബലം പ്രയോഗിച്ചും വീട്ടുമുറ്റത്ത് സർവേക്കല്ല് സ്ഥാപിക്കുക... 2022 മാർച്ച് 15ന് കോഴിക്കോട് മാത്തോട്ടത്തെ ഒരു പ്രവാസിയുടെ വീട്ടുമുറ്റത്ത് കണ്ട കാഴ്ചകൾ പേടിപ്പെടുത്തുന്നതായിരുന്നു.

ദീർഘകാലം പ്രവാസിയായിരുന്ന അബ്ദുൽ റസാഖ് മണലാരണ്യത്തിൽ വിയർപ്പൊഴുക്കി സമ്പാദിച്ച വീടും പുരയിടവും ഒഴിഞ്ഞുപോവുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. അതുകൊണ്ടുതന്നെ ഒരു മുന്നറിയിപ്പുമില്ലാതെ തന്റെ വീട്ടുമുറ്റത്ത് കുറ്റിയടിക്കാൻ പറ്റില്ലെന്ന് അദ്ദേഹം തീർത്തുപറഞ്ഞു.

എന്നാൽ, എന്തുവില കൊടുത്തും ഇവിടെ കുറ്റി സ്ഥാപിക്കുമെന്ന വാശിയിലാണ് പൊലീസ്. താൻ ഹൃദ്രോഗിയാണെന്നും പൊലീസ് ഇവിടെനിന്ന് ഇറങ്ങണമെന്നും ഗൃഹനാഥൻ ആവശ്യപ്പെട്ടപ്പോൾ, എങ്കിൽ വേഗം അകത്തേക്ക് പൊയ്ക്കോളൂ, ഞങ്ങൾക്ക് ഇവിടെ സർവേ നടത്തണമെന്നായിരുന്നു ഫറോക്ക് അസി. കമീഷണർ എം. സിദ്ദീഖിന്റെ മറുപടി. അപ്പോഴേക്കും തഹസിൽദാരുടെ ചുമതലയുള്ള കെ. ഹരീഷിന്റെ നേതൃത്വത്തിൽ കുറ്റിയുമായി പൊലീസ് വലയത്തിനുള്ളിൽ പ്രവേശിച്ചു.

പിന്നെ അവിടെ നടന്നത് കൂട്ടനിലവിളി. കുറ്റിയടിക്കാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ ഗൃഹനാഥനെ പൊലീസ് പലതവണ പിടിച്ചുതള്ളി. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ നിസ്സഹായതയോടെ നിലവിളിക്കുന്നു. പൊലീസ് ബലം പ്രയോഗിച്ച് എല്ലാവരെയും തുരത്തുന്നു. പിന്നെ അവിടെ നടന്നത് പൊലീസ് രാജ്. ചോദിക്കാനും പറയാനും ഉത്തരവാദപ്പെട്ട ആരുമില്ല. തൊട്ടടുത്ത രണ്ട് സെന്റ് പറമ്പിൽ നാട്ടുകാരുണ്ടാക്കി നൽകിയ വീട് നഷ്ടപ്പെടുന്ന സങ്കടത്തിൽ ആർത്തുകരഞ്ഞ് വലിയകാട്പറമ്പിലെ നസ്റിയ. തൊട്ടപ്പുറത്തെ പറമ്പിൽ മുബീന എന്ന സ്ത്രീ നിസ്സഹായതയോടെ നിലവിളിക്കുന്നു... പ്രതിഷേധിക്കാൻ വരുന്നവരെയെല്ലാം പൊലീസ് ആട്ടിയോടിച്ചു. പൊലീസ് സ്വകാര്യപറമ്പുകളിലെങ്ങും കുറ്റിപാകി കടന്നുപോയപ്പോൾ ആശങ്കയുടെ നടുക്കടലിലായി ഈ മേഖലയിലെ മനുഷ്യർ. പിറ്റേ ദിവസങ്ങളിൽ കല്ലായിപ്പുഴയുടെ തീരങ്ങളിൽ കുറ്റിയുമായി എത്തിയപ്പോൾ വലിയ ചെറുത്തുനിൽപുമായി ജനങ്ങൾ അണിനിരന്നു.

പൊലീസ് ജനങ്ങളെ വെല്ലുവിളിച്ച് വീടുകളുടെ ഗേറ്റുകൾ തള്ളിത്തുറന്ന് പള്ളിക്കണ്ടിയിലും ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചു. പക്ഷേ, നാട്ടുകാർ പൊലീസ് സ്ഥാപിച്ച കുറ്റി കല്ലായിപ്പുഴയിൽ വലിച്ചെറിഞ്ഞു. ഒരുപക്ഷേ, കെ. റെയിൽ സമരം ആളിക്കത്തിയത് കോഴിക്കോട്ടെ ഈ തീരദേശമേഖലയിലാണ്. റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ജനങ്ങളുടെ ചെറുത്തുനിൽപ്പിന് മുന്നിൽ തോറ്റ് പിന്മാറി. ഒടുവിൽ സർക്കാറിന് സർവേ തൽക്കാലം നിർത്തിവെക്കുന്നതായി പ്രഖ്യാപിക്കേണ്ടിവന്നു.

Show Full Article
TAGS:silver line ldf government Pinarayi Vijayan K RAIL 
News Summary - Mathottathu residents have terrifying memories of police brutality
Next Story