‘ഒറ്റക്കെട്ടായി അർബുദത്തെ പ്രതിരോധിക്കാം’; ബോധവത്കരണ പരിപാടി ഇന്ന്
text_fieldsഡോ. രാജ്യശ്രീ നാരായണൻകുട്ടി വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
മസ്കത്ത്: വർധിച്ചു വരുന്ന സ്തനാർബുദത്തിനെതിനെതിരെ ബോധവത്കരണവുമായി ബർക്കത്ത് അൽ നൂർ ക്ലിനിക്. ഒമാൻ കാൻസർ അസോസിയേഷന്റെ പിന്തുണയോടെ ‘വിങ് ഓഫ് വിമൻസ് വേൾഡു’മായി സഹകരിച്ച് നടത്തുന്ന ‘ഒറ്റക്കെട്ടായി ക്യാൻസറിനെ പ്രതിരോധിക്കാം’ പരിപാടി വെള്ളിയാഴ്ച വൈകീട്ട് ആറ് മുതൽ കോളജ് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻസ് ഓഡിറ്റോറിയത്തിൽ നടക്കും.
ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി.വി ശ്രീനിവാസ്, പ്രമുഖ വ്യവസായി ഡോക്ടർ പി. മുഹമ്മദാലി, ഒമാൻ കാൻസർ അസോസിയേഷൻ സ്ഥാപക യുത്തർ അൽ റവാഹി, സിനിമ താരം പ്രിയങ്ക നായർ, മസ്കത്ത് കോളജ് ഡയറക്ടർ ബോർഡ് അംഗം ബുതൈന അഹ്മദ് അൽ ഗസാലി എന്നിവർ സംബന്ധിക്കും.
പരിപാടിയുടെ ഭാഗമായി ബോധവത്കരണ സെഷനുകളും അവബോധം പ്രചരിപ്പിക്കുന്നതിൽ സംഭാവന നൽകിയ മാധ്യമ പ്രവർത്തകർ അടക്കമുള്ള വ്യക്തികളെയും ആദരിക്കും. രാജ്യത്ത് സ്തനാർബുദ രോഗികളുടെ എണ്ണം 119 ശതമാനം വർധിച്ചതായി ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. അവബോധം പ്രചരിപ്പിക്കുന്നതിനും സമൂഹത്തെ കാൻസറിൽനിന്ന് സ്വയം സംരക്ഷിക്കാൻ സഹായിക്കുന്നതിനുമുള്ള സംരംഭമാണ് ഈ പരിപാടി. ഓരോ സ്ത്രീയും സ്തനാർബുദത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും സ്വയം പരിശോധന നടത്തുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് ബർകത്ത് അൽ നൂർ ക്ലിനിക്കിൽ 33 വർഷത്തിലേറെയായി സേവനം അനുഷ്ഠിക്കുന്ന സ്തനാർബുദ രോഗനിർണയത്തിൽ വിദഗ്ധയായ ഡോ. രാജ്യശ്രീ നാരായണൻകുട്ടി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആരോഗ്യകരമായ ജീവിതശൈലിയും പതിവ് പരിശോധനയും പ്രതിരോധത്തിന് പ്രധാനമാണെന്നും നേരത്തെയുള്ള കണ്ടെത്തലാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീകൾക്കായി സ്ത്രീകൾ സ്ഥാപിച്ച ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് വിങ്സ് ഓഫ് വിമൻസ് വേൾഡ്. 2020 സെപ്റ്റംബറിൽ ഒമാനിലെ ഡോ. രശ്മി കൃഷ്ണനും ഡോ. രാജശ്രീ നാരായണക്കുട്ടിയും ഖത്തറിൽനിന്നുള്ള ഷീജ ഡാനിയേലും ചേർന്നാണ് ഈ കൂട്ടായ്മ രൂപവത്കരിച്ചത്.