ഊർക്കടവ് റെഗുലേറ്റർ ഷട്ടർ രാത്രി തുറന്നിടുന്നു; ചാലിയാറിൽ ജലനിരപ്പ് താഴ്ന്നു
text_fieldsചാലിയാറിനോടുചേർന്ന മാവൂർ പാടം വരൾച്ചയിൽ വിണ്ടുകീറിയ നിലയിൽ
മാവൂർ: കടുത്ത വേനലിൽ പരിസരപ്രദേശങ്ങൾക്ക് തുണയാകേണ്ട ഊർക്കടവ് കവണക്കല്ലിലെ റെഗുലേറ്ററിന്റെ ഷട്ടറുകൾ രാത്രിയിൽ തുറന്നിടുന്നതായി പരാതി. ഇതുമൂലം ചാലിയാറിൽ ജലനിരപ്പ് ഏറെ താഴ്ന്നു.
ചാലിയാറിനോടു ചേർന്ന പ്രദേശങ്ങളിൽപോലും കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. മണലെടുപ്പുകാരെയും മറ്റും സഹായിക്കുന്നതിനാണ് ഷട്ടറുകൾ ഉയർത്തുന്നതെന്നാണ് പരാതി.
വേനൽക്കാലത്തിനുമുമ്പ് ഡിസംബറോടെയാണ് റെഗുലേറ്ററിന്റെ ഷട്ടറുകൾ താഴ്ത്താറുള്ളത്. പിന്നീട് കാലവർഷം തുടങ്ങിയശേഷമേ ഉയർത്താറുള്ളൂ.
ഇത്തരത്തിൽ ജലം സംഭരിക്കുമ്പോൾ ഉയർന്ന പ്രദേശങ്ങളിലടക്കം ജലം ലഭിക്കും. എന്നാൽ, ഇത്തവണ ചാലിയാറിനോടും ചെറുപുഴയോടും ചേർന്ന വയലുകളിലടക്കം ജലക്ഷാമമാണ്. മാവൂർ പാടവും പള്ളിയോൾ, തെങ്ങിലക്കടവ്, വളയന്നൂർ വയലുകളിലൊന്നും ജലമില്ല. വാഴകൾ വ്യാപകമായി നിലംപൊത്തുകയാണ്. പരിസരങ്ങളിലെ കിണറുകളും വറ്റുകയാണ്.
ഇനിയും താഴ്ന്നാൽ, മാവൂരിലും സമീപ പഞ്ചായത്തുകളിലും മെഡിക്കൽ കോളജിലേക്കും വെള്ളമെത്തിക്കുന്ന കൂളിമാട് പമ്പിങ് സ്റ്റേഷന്റെ പ്രവർത്തനമടക്കം മുടങ്ങും.
നിലവിൽ ഊർക്കടവ് റെഗുലേറ്ററിന് 3.70 മീറ്റർ വരെ ജലം സംഭരിക്കാനുള്ള ശേഷിയുണ്ട്. സമീപകാലങ്ങളിൽ പരമാവധി 3.40 മീറ്ററിലധികം ജലം സംഭരിക്കാറില്ല.
ഷട്ടർ പലപ്പോഴും രാത്രിയിൽ തുറന്നിടുന്നതിനാൽ ജലനിരപ്പ് ഇതിലും താഴെയാണ്. ഷട്ടർ തുറന്നിടുന്നതിനെതിരെ കർഷകരും സംഘടനകളും പരാതി നൽകിയിട്ടുണ്ട്.