ചാലിയാറിൽ നിർബാധം മണൽകടത്ത്
text_fieldsമണൽകടത്ത് വ്യാപകമായ കൽപ്പള്ളി കടവ്
മാവൂർ: ചാലിയാറിൽനിന്ന് അനധികൃത മണൽ കടത്ത് വ്യാപകം. പകൽപോലും മണൽകടത്ത് സംഘങ്ങൾ സജീവമാണ്. കടവുകളിലേക്കുള്ള വഴി (പാതാർ) നേരത്തേ ഗ്രാമപഞ്ചായത്ത് ഇടപെട്ട് അടച്ചിരുന്നു. കോൺക്രീറ്റ് കാൽനാട്ടി വാഹനങ്ങൾക്ക് കടക്കാനാകാത്തവിധമാക്കുകയായിരുന്നു. മാവൂർ പൊലീസിന്റെ നിർദേശപ്രകാരമായിരുന്നു നടപടി. ഇരുമ്പ് പൈപ്പ് വെച്ചോ ചങ്ങല ഉപയോഗിച്ചോ ബന്ധിപ്പിക്കാനും തീരുമാനിച്ചിരുന്നു. ഇതിന് നടപടിയൊന്നും ഉണ്ടായില്ല. എന്നാൽ, ഇതിനിടക്ക് ചില കടവുകളിലെ കോൺക്രീറ്റ് കാലുകൾ മണൽകടത്തുകാർ എടുത്തുമാറ്റി. കൽപ്പള്ളി കടവിൽ നിലവിൽ മണൽകടത്ത് തടയാൻ സംവിധാനമൊന്നുമില്ല. രാത്രിയിൽ നിർബാധം മണൽ ഇവിടെനിന്ന് കടത്തുന്നുണ്ട്.
ഈ ഭാഗത്തെ തെരുവുവിളക്കുകൾ അണച്ചാണ് കടത്ത്. മണന്തലക്കടവിൽ വാഹനമിറക്കാൻ പറ്റുന്ന അകലത്തിലാണ് തൂണുകൾ. കരിങ്കൽ ചീളുകൾ നിരത്തി വാഹനങ്ങൾ പുഴയിലേക്കിറക്കാൻ സംവിധാനിച്ചിട്ടുണ്ട്. പൊലീസിന്റെ നീക്കം അറിയാൻ ഇരുചക്രവാഹനങ്ങളിൽ നിരവധി പേരാണ് റോഡിൽ റോന്തുചുറ്റുക. എസ്കോർട്ടിന് വേറെയും ആളുകളുണ്ടാകും. ചാക്കിൽ മണൽ നിറച്ച് കടവിന് സമീപം സൂക്ഷിക്കുന്നുമുണ്ട്.
മണൽ ചാക്കിൽ നിറച്ച് പകൽസമയത്ത് കാറിൽ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മാവൂർ ടൗണിലൂടെ കെട്ടാങ്ങൽ റോഡുവഴി ഇത്തരത്തിൽ നിരവധി ലോഡാണ് പോയത്. നടപടി ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെങ്കിലും കാര്യക്ഷമമല്ല. റവന്യൂ വകുപ്പും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.