പുതിയാപ്പയിൽ മത്സ്യത്തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പൊരുക്കി ഡോക്ടർമാർ
text_fieldsകോഴിക്കോട്: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി പുതിയാപ്പയിലെ മത്സ്യത്തൊഴിലാളികൾക്കായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പുതിയാപ്പ ശ്രീ ഭഗവതി ധർമ്മ പരിപാലന അരയ സമാജം, കാലിക്കറ്റ് ഫോറം ഓഫ് ഡയബറ്റിസ്, കാലിക്കറ്റ് ഫോറം ഫോർ ഇന്റേണൽ മെഡിസിൻ, മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഗ്രൂപ്പ് എന്നിവർ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
രക്തസമ്മർദ്ദം, ഉയരം, ഭാരം, ബി.എം.ഐ, ഇ.സി.ജി റാൻഡം ബ്ലഡ് ഗ്ലൂക്കോസ് പരിശോധന, കിഡ്നി പ്രവർത്തനക്ഷമത പരിശോധന, ലിപ്പിഡ് പ്രൊഫൈൽ, തൈറോയ്ഡ്, യു.എ.സി.ആർ തുടങ്ങിയവയുടെ വിപുലമായ ലാബ് പരിശോധന ക്യാമ്പിൽ ഒരുക്കിയിരുന്നു. ലിവർ ഫൈബ്രോസ്കാൻ, പ്രമേഹ രോഗികൾക്കുള്ള പ്രത്യേക പാദ പരിശോധന എന്നിവയും നൽകി. അൻപതോളം പേർക്ക് നൽകിയ അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാനുള്ള പ്രാഥമിക ജീവൻരക്ഷാ പരിശീലനം (ബി.എൽ.എസ്) ശ്രദ്ധേയമായി. മത്സ്യത്തൊഴിലാളികളുടെ തൊഴിൽപരമായ വെല്ലുവിളികൾ മുൻനിർത്തി ആരോഗ്യകരമായ ഭക്ഷണരീതി, നിർജ്ജലീകരണം തടയൽ, ഹൃദയാരോഗ്യം, വൃക്കസംരക്ഷണം എന്നിവയിൽ പ്രത്യേക ബോധവൽക്കരണം നൽകി. ഇരുനൂറോളം പേർ ക്യാമ്പിലെത്തി.
കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. കെ.ജി. സജീത് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നിരവധി ദിവസങ്ങൾ വീട്ടിൽനിന്നു വിട്ട് കടലിൽ കഴിയേണ്ടി വരുന്ന മത്സ്യത്തൊഴിലാളികൾക്ക് ആരോഗ്യ ബോധവൽക്കരണവും വിദഗ്ധ പരിശോധനയും നടത്താനുള്ള തീരുമാനം ഏറ്റവും ഉചിതമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. എസ്.കെ. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിൽ കോഴിക്കോട്ടെ വിദഗ്ധരായ ഡോക്ടർമാരും ടെക്നീഷ്യന്മാരും ചേർന്ന് എല്ലാ വർഷവും ഏറ്റവും അനിവാര്യമായ ഗ്രൂപ്പിനെ കണ്ടെത്തി ഇത്തരത്തിൽ ആരോഗ്യ ക്യാമ്പ് നടത്തുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു. ഡോ. നീരജ് മണിക്കത്ത്, ഡോ. വി.കെ. ഷമീർ എന്നിവർ സംശയങ്ങൾക്ക് മറുപടി നൽകി. പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. എസ്.കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.
പ്രൊഫ. എൻ.കെ. തുളസീധരൻ, പ്രൊഫ. ഉദയഭാസ്കരൻ, ഡോ. കെ.പി. രാജേഷ്, ഡോ. ആർ. ഗായത്രി, ഡോ. റോജിത് ബാലകൃഷ്ണൻ, ഡോ. എം.കെ. കൃപാൽ, ഡോ. പി.കെ. സിന്ധു, ഡോ. കെ.പി. ദിപു, ഡോ. സിജുകുമാർ തുടങ്ങിയവർ പരിശോധനകൾക്ക് നേതൃത്വം നൽകി.



