മെഡിക്കൽ കോളജ് തീപിടിത്തം; അന്വേഷണ റിപ്പോർട്ട് പുറത്ത്
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന് കാരണം ബാറ്ററി യൂനിറ്റിന്റെ അറ്റകുറ്റപ്പണിയിൽ കാണിച്ച വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്. മീണ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. ദുല്‍ഖിഫിലാണ് റിപ്പോര്‍ട്ട് വാര്‍ത്തസമ്മേളനത്തില്‍ പുറത്തുവിട്ടത്.
അത്യാഹിത വിഭാഗത്തിലെ യു.പി.എസ് ബാറ്ററി പൊട്ടിത്തെറിച്ചായിരുന്നു ആദ്യത്തെ തീപിടിത്തം. യു.പി.എസ് മുറിയിലെ ബാറ്ററി യൂനിറ്റ് മൂന്ന് വര്‍ഷം പഴക്കമുള്ളതാണെന്നും ബാറ്ററികളിലൊന്ന് കേടാണെന്നും യൂനിറ്റ് മാറ്റിസ്ഥാപിക്കണമെന്നും നേരത്തേ നിര്‍ദേശിച്ചിരുന്നു. എന്നാൽ, മാറ്റിസ്ഥാപിച്ചിരുന്നില്ല. സെൻട്രൽ എ.സിയുമായി ബന്ധിപ്പിക്കപ്പെട്ട മുറിക്ക് വായുസഞ്ചാര മാർഗം ഒരുക്കിയിരുന്നില്ല. എമർജൻസി എക്സിറ്റ് സംവിധാനമോ സ്മോക് ഡിറ്റക്ടറോ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്ലാൻ രേഖകളിൽ ഫയർ പ്രൂഫ് സ്ലൈഡിങ് പാർട്ടീഷൻ വാൾ നിർദേശിക്കപ്പെട്ടിരുന്നു.
എന്നാൽ ഇൗ സംവിധാനവും സ്ഥാപിക്കപ്പെട്ടിട്ടില്ല. കെട്ടിടത്തിന് അഗ്നിരക്ഷാസേനയുടെ നിരാക്ഷേപ പത്രം, ലിഫ്റ്റ് ലൈസൻസ് എന്നിവയില്ലെന്നും തീപിടിത്തമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും കാണിച്ച് 2024 മേയ് 27ന് കലക്ടറും റിപ്പോട്ട് നൽകിയിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. അഗ്നിരക്ഷാസേനയുടെ പ്ലാനിൽനിന്ന് വിരുദ്ധമായാണ് യു.പി.എസ് റൂം നിർമിച്ചത്. തീപിടിത്തമുണ്ടായപ്പോൾ ജീവനക്കാർ യു.പി.എസ് റൂമിന്റെ ചില്ലുവാതിൽ അടിച്ചുപൊട്ടിച്ചത് ആശുപത്രിയുടെ മറ്റു ഭാഗങ്ങളിലേക്കും പുക വ്യാപിക്കാനിടയാക്കി. ഇത്തരത്തിൽ പെട്ടെന്ന് വാതിൽ പൊട്ടിച്ചിരുന്നില്ലെങ്കിൽ രോഗികളെ ഒഴിപ്പിക്കാൻ കൂടുതൽ സമയം ലഭിക്കുമായിരുന്നു.
ജീവനക്കാർക്ക് അഗ്നിരക്ഷ ബോധവത്കരണ ക്ലാസുകൾ ലഭ്യമാക്കേണ്ട ആവശ്യമുണ്ടെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഫയർ എസ്കേപ് സ്റ്റെയർ കെയ്സുകൾ സ്ഥാപിച്ചതും ചട്ടവിരുദ്ധമായാണെന്നും റിപ്പോർട്ടിൽ പറയുന്നു. കെട്ടിടത്തിന് ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഗുരുതര ക്രമക്കേട് ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് വി.പി. ദുല്‍ഖിഫില്‍ ആവശ്യപ്പെട്ടു.
2025 മേയ് രണ്ടിനാണ് പി.എം.എസ്.വൈ ബ്ലോക്കില്‍ ആദ്യത്തെ തീപിടിത്തമുണ്ടായത്. എം.ആർ.ഐ യു.പി.എസ് മുറിയില്‍ പൊട്ടിത്തെറിയുണ്ടായതിനെത്തുടർന്ന് രോഗികളെ ഒഴിപ്പിക്കുകയായിരുന്നു. അതിഗുരുതരാവസ്ഥയിലായിരുന്ന നാലു പേര് സംഭവ സമയത്ത് മരിച്ചു. ചെറിയ രീതിയില്‍ അറ്റകുറ്റപ്പണി നടത്തി പിറ്റേന്നുതന്നെ ആറാം നിലയിലേക്ക് 35ഓളം രോഗികളെ മാറ്റിയിരുന്നു. ഓപറേഷൻ തിയറ്ററിൽ ഇലക്ട്രിക്കല്‍ പരിശോധന നടത്തിക്കൊണ്ടിരിക്കെ വീണ്ടും പുക ഉയര്‍ന്നു. രോഗികളെ വീണ്ടും ഒഴിപ്പിക്കേണ്ടിവന്നു. ആഗസ്റ്റ് 24നാണ് അത്യാഹിത വിഭാഗം വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്.