പുറക്കാമല സമരത്തിൽ പങ്കെടുത്ത 15കാരനെതിരെ കേസെടുത്ത് പൊലീസ്; സമരത്തിനിടെ ഒരുകൂട്ടം പൊലീസുകാർ വിദ്യാർഥിയെ വലിച്ചിഴച്ച് കൊണ്ടുപോയത് വിവാദമായിരുന്നു
text_fieldsമേപ്പയൂർ: പുറക്കാമല സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ 10ാം ക്ലാസുകാരനെതിരെ മേപ്പയൂർ പൊലീസ് കേസെടുത്തു. വെള്ളിമാടുകുന്ന് ജുവനൈൽ കോടതിയിൽ ഒമ്പതാം തീയതി ഹാജരാവാനാണ് പൊലീസ് വീട്ടിലെത്തി നോട്ടീസ് നൽകിയിരിക്കുന്നത്. കീഴ്പയ്യൂർ വാളിയിൽ മിസ്ബാഹിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഈ വിദ്യാർഥിയെ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ എസ്.എസ്.എൽ.സി പരീക്ഷയുടെ തലേ ദിവസം എട്ട് പൊലീസുകാർ വലിച്ചിഴച്ച് പൊലീസ് വാനിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി വൈകീട്ടാണ് വിട്ടയച്ചത്. പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ മിസ്ബാഹ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പൊലീസ് അതിക്രമത്തിനെതിരെ ബാലാവകാശ കമീഷനും മനുഷ്യാവകാശ കമീഷനും കേസെടുത്തിരുന്നു.
മേപ്പയ്യൂർ പൊലീസ് സർക്കാറിന് അവമതിപ്പുണ്ടാക്കുന്നു
പേരാമ്പ്ര: ഇടതു സർക്കാറിന്റെ പ്രഖ്യാപിതനയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന മേപ്പയ്യൂർ പൊലീസ് സർക്കാറിന് അവമതിപ്പുണ്ടാക്കുന്നതായി ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ അഭിപ്രായപ്പെട്ടു. മേപ്പയ്യൂരിലെ പരിസര പ്രദേശങ്ങളിൽ നടക്കുന്ന ജനകീയ സമരങ്ങളിലെല്ലാം ജനവിരുദ്ധ നിലപാടാണ് പൊലീസ് കൈക്കൊള്ളുന്നത്. മുതുകുന്ന്, പുലപ്രക്കുന്ന് പുറക്കാമല സമരങ്ങളിലെ പൊലീസ് നിലപാടുകൾ ഇതിനുദാഹരണമാണ്. ജനപ്രതിനിധികളോടുപോലും മാന്യത കാണിക്കാത്ത സമീപനമാണ് പൊലീസിന്റേത്.
പുറക്കാമല സമരം കാണാനെത്തിയ എസ്.എസ്.എൽ.സി വിദ്യാർഥിയെ എട്ടോളം പൊലീസുകാർ ക്രൂരമായി പിടികൂടി വാനിലേക്കെറിഞ്ഞ സംഭവം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു ഇതിനെതിരെ ബാലവകാശ കമീഷനും മനുഷ്യാവകാശ കമീഷനും കേസെടുത്തിരുന്നു.
തുടർന്ന് അബദ്ധം പറ്റിയതായി പറഞ്ഞ പൊലീസ് ഇപ്പോൾ 15 കാരനെതിരെ കേസെടുത്തിരിക്കയാണ് വെള്ളിമാട്കുന്ന് ജുവനൈൽ കോടതിയിൽ ഒമ്പതാം തീയതി ഹാജരാവാനാണ് പൊലീസ് വീട്ടിലെത്തി നോട്ടീസ് നൽകിയിരിക്കുന്നത്.
പുറക്കാമല സമരത്തിന്റെ പേരിൽ പൊതുപ്രവർത്തകർക്കെതിരെ ക്വാറി ഉടമയുടെ ഒത്താശയോടെ നിരന്തരം കള്ള കേസുകൾ എടുക്കുകയാണ് മേപ്പയ്യൂർ പൊലീസ്. എന്നാൽ, ക്വാറി ഉടമയുടെ ക്വട്ടേഷൻ സംഘം സമരസമിതി പ്രവർത്തകരെ അക്രമിച്ചതും വീടുകൾക്കുനേരെ നടന്ന അക്രമവും സമരപ്പന്തൽ തീയിട്ടതുമുൾപ്പെടെ സമരസമിതി നൽകിയ ഒരു പരാതിയിൽപോലും അന്വേഷണം നടത്തിയിട്ടില്ല.
അടിയന്തരാവസ്ഥ കാലത്ത് പോലുമില്ലാത്ത രീതിയിൽ രാത്രി രണ്ടുമണിക്ക് വീടുകളിൽ റെയ്ഡ് നടത്തിയ പൊലീസിനെതിരെ പൊതുവികാരം ഉയരുന്നതിനിടയിലാണ് 15 കാരനെതിരെയും കേസെടുക്കുന്നത്. പുറക്കാമല ഖനന നീക്കത്തിനെതിരെ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതിന്റെ പേരിൽ പരാതിയിൽ ഒപ്പിട്ട 49 പേരുടെ പേരിലും പൊലീസ് കേസെടുത്തിരിക്കയാണ്.