പുറക്കാമല ഖനനം തടഞ്ഞ് സമരസമിതി
text_fieldsപുറക്കാമല ഖനനം തടയുന്ന സമരസമിതി പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കുന്നു
മേപ്പയ്യൂർ: പുറക്കാമലയിൽ കരിങ്കൽ ഖനനം നടത്താൻ പൊലീസ് സംരക്ഷണത്തിൽ വന്നവരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ തിരിച്ചയച്ച് സമരസമിതി പ്രവർത്തകർ. പാറ പൊട്ടിക്കാൻ ഉപകരണങ്ങളും സർവസന്നാഹങ്ങളുമായാണ് ക്വാറിയുടമകൾ എത്തിയത്. ജനങ്ങളുടെ പ്രതിഷേധം വകവെക്കാതെ പൊലീസ് സംരക്ഷണത്തിൽ ഖനന നടപടികൾ ആരംഭിക്കാനുള്ള നീക്കത്തെയാണ് സ്ത്രീകളടക്കമുള്ള ജനക്കൂട്ടം തടഞ്ഞത്. ആദ്യഘട്ടത്തിൽ വാഹനം തടഞ്ഞവരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് മേപ്പയ്യൂർ സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും പിന്നീട് കൂടുതൽ ആളുകളെത്തി പ്രതിരോധം തീർക്കുകയായിരുന്നു.
സ്ത്രീകളും കുട്ടികളും ഉൾെപ്പടെ നിരവധിയാളുകളാണ് സമരരംഗത്തിറങ്ങിയത്. പുറക്കാമലയിലേക്കുള്ള വിവിധ വഴികളിൽ സംഘടിച്ച് ക്വാറിക്കാരെ തടഞ്ഞു. സംഘർഷസാധ്യത മനസ്സിലാക്കി വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും സ്ഥലത്തെത്തി. ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത്, മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ, ജില്ല പഞ്ചായത്തംഗം വി.പി. ദുൽഖിഫിൽ എന്നിവർ സ്ഥലത്തെത്തി സമരക്കാരുമായും പൊലീസുമായും സംസാരിച്ചു. തുടർന്ന് ഖനനത്തിനെത്തിയവർ താൽക്കാലികമായി തിരിച്ചുപോവുകയായിരുന്നു.
ഒരാഴ്ച മുമ്പും ഖനനം നടത്താൻ ശ്രമം നടന്നപ്പോൾ നാട്ടുകാർ തടയുകയും സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. തുടർന്ന് രണ്ട് സമരസമിതി നേതാക്കൾ റിമാൻഡിലാവുകയും ചെയ്തു. ഒരു മാസം മുമ്പും സംഘർഷമുണ്ടായിരുന്നു. നിരവധി കേസുകളാണ് സമരസമിതി പ്രവർത്തകർക്ക് എതിരെയുള്ളത്.ജൈവവൈവിധ്യങ്ങളാൽ സമ്പന്നവും പാരിസ്ഥിതിക പ്രാധാന്യമുളളതുമായ പുറക്കാമലയിൽ കരിങ്കൽ ഖനനം ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ ഉറച്ച നിലപാട്.
എരമംഗലം ക്വാറിക്കും ക്രഷറിനുമെതിരെ ഉപരോധസമരം ഇന്ന്
ബാലുശ്ശേരി: എരമംഗലത്തെ ക്വാറികൾക്കും ക്രഷറിനും അനുവദിച്ച പാരിസ്ഥിതികാനുമതി റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ബുധനാഴ്ച എരമംഗലം കോമത്ത് ചാലിൽ ക്വാറി ഉപരോധിക്കുന്നു. ക്വാറി പ്രവർത്തനം രാവിലെ ഏഴുമുതൽ തടയുമെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. ഉപരോധസമരം രാവിലെ 10ന് അഡ്വ. വിനോദ് പയ്യട ഉദ്ഘാടനം ചെയ്യും.വർഷങ്ങളായുള്ള കരിങ്കൽ ഖനനംമൂലം എരമംഗലം പ്രദേശം ഇന്ന് ഉരുൾപൊട്ടൽ ഭീഷണിയിലാണ്.
എരമംഗലം കോമത്ത് ചാലിൽ ക്വാറി
നിയമവിരുദ്ധമായി നടക്കുന്ന അമിതവും അശാസ്ത്രീയവുമായ ഖനനത്തിനെതിരെ നിരവധി പരാതികൾ ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയിട്ടുണ്ടെങ്കിലും നാളിതുവരെ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് കൈക്കൊണ്ടിട്ടില്ലെന്ന് ജനകീയ സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. എരമംഗലം ക്രഷർ, ക്വാറികൾക്കെതിരെ ഡിസംബർ നാലിന് കലക്ടറേറ്റിലേക്ക് ജനകീയ മാർച്ച് അടക്കമുള്ള പ്രതിഷേധ സമരങ്ങൾ നാട്ടുകാർ നടത്തിയിരുന്നു. കലക്ടർ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പറഞ്ഞതല്ലാതെ ക്വാറി പ്രവർത്തനങ്ങൾക്കെതിരെ യാതൊരു നടപടിയുമുണ്ടായില്ല. ബാലുശ്ശേരി പഞ്ചായത്തിലെ 13,14 വാർഡുകളിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി, ക്രഷർ എന്നിവ നാടിന്റെ മുഴുവൻ ദുരിതമായി തീർന്നിരിക്കയാണിപ്പോഴെന്ന് ഭാരവാഹികൾ പറഞ്ഞു.
സമരഭടന്മാർക്ക് സ്വീകരണം നൽകി
മേപ്പയൂർ: പുറക്കാമലയിലെ ജനങ്ങളുടെ ഇച്ഛാശക്തിയുടെ മുന്നിൽ ക്വാറി മാഫിയയും ഭരണകൂടവും മുട്ടുമടക്കേണ്ടിവരുമെന്ന് ജില്ല പഞ്ചായത്ത് അംഗം വി.പി. ദുൽഖിഫിൽ. പുറക്കാമലയിൽ ഖനനം പ്രതിരോധിച്ച് അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയവർക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുറക്കാമല സമര പോരാളികൾക്ക് നൽകിയ സ്വീകരണത്തിൽ വി.പി. ദുൽഖിഫിൽ സംസാരിക്കുന്നു
സ്വീകരണ യോഗത്തിൽ ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത്, ആർ.ജെ.ഡി നിയോജകമണ്ഡലം പ്രസിഡന്റ് മോനിഷ, കമ്മന അബ്ദുറഹിമാൻ, സിറാജ് മേപ്പയൂർ എന്നിവർ സംസാരിച്ചു.പ്രകടനത്തിന് പി.കെ. അനീഷ്, സി.പി. സുഹനാദ്, മുരളീധരൻ, നസ്റു എന്നിവർ നേതൃത്വം നൽകി.