പുറക്കാമല ഖനനം; ഹൈകോടതി സ്റ്റേയിൽ സമരസമിതിക്ക് ആശ്വാസം
text_fieldsകീഴ്പയ്യൂർ എ.യു.പി സ്കൂൾ വിദ്യാർഥികൾ പുറക്കാമലയിൽ
മേപ്പയൂർ: പുറക്കാമലയെ ഖനനത്തിൽനിന്ന് സംരക്ഷിക്കുന്നതിന് നാട്ടുകാർ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണെന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. കാരണം, എല്ലാവരും ഗാഢനിദ്രയിലുള്ള സമയത്ത് പുലർച്ച രണ്ടു മണിക്ക് മല തുരക്കാനുള്ള ഉപകരണങ്ങളുമായി ക്വാറി സംഘം പൊലീസ് സംരക്ഷണത്തിൽ എത്തിയപ്പോൾ അത് മണത്തറിഞ്ഞ് നിമിഷങ്ങൾക്കകം പുറക്കാമല ജനസഞ്ചയമായി. സ്ത്രീകൾ ഉൾപ്പെടെ വൻ ജനാവലിയാണ് പുലർച്ചതന്നെ മലയിൽ എത്തിയത്. രാവിലെ 11ഓടെ കംപ്രസർ ഉൾപ്പെടെ മലയിൽനിന്ന് തിരികെ കൊണ്ടുപോയ ശേഷമാണ് നാട്ടുകാരും മലയിറങ്ങിയത്. ഖനനം നടത്താനുള്ള ശ്രമം പകൽ രണ്ടു തവണ പരാജയപ്പെട്ടപ്പോഴാണ് പുലർച്ച ഒരു ശ്രമം കൂടി ക്വാറി സംഘം നടത്തിയത്. എന്നാൽ, നാട്ടുകാരുടെ ഇച്ഛാശക്തിക്ക് മുന്നിൽ അവരുടെ പാതിരാ നാടകവും പരാജയപ്പെടുകയായിരുന്നു.
ശക്തമായ ജനകീയ സമരത്തോടൊപ്പം നിയമവഴിയും സമരസമിതി തേടിയതോടെ ക്വാറി പ്രവർത്തനം മൂന്ന് ആഴ്ചത്തേക്ക് ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. പ്രദേശവാസികളായ 49 പേരാണ് ഒരുമിച്ച് ഹൈകോടതിയിൽ റിട്ട് ഫയൽ ചെയ്തത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, സംസ്ഥാന സർക്കാറിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ പാരിസ്ഥിതികാഘാത പഠന അതോറിറ്റി, ജില്ല കലക്ടർ, ജില്ല ജിയോളജിസ്റ്റ്, മേപ്പയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്കും ക്വാറി ഉടമക്കും നോട്ടീസ് അയക്കാനും ഹൈകോടതി ഉത്തരവായി. ക്വാറിയിലേക്ക് റോഡിന് സമ്മതം നൽകിയ വ്യക്തി ഇനി റോഡ് അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
സമരത്തിന് ഐക്യദാർഢ്യവുമായി വിദ്യാർഥികളും
മേപ്പയൂർ: പുറക്കാമലയിലെ കരിങ്കൽ ഖനന വിരുദ്ധ സമരത്തിന് ഐക്യദാർഢ്യവുമായി കീഴ്പയ്യൂർ എ.യു.പി സ്കൂൾ വിദ്യാർഥികൾ പുറക്കാമല സമരപ്പന്തൽ സന്ദർശിച്ചു. 50ഓളം വിദ്യാർഥികളാണ് പ്ലക്കാർഡുകളും മുദ്രാവാക്യം വിളികളുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. മല സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്താണ് വിദ്യാർഥികൾ മടങ്ങിയത്.