പുറക്കാമല ഖനനനീക്കം തടഞ്ഞു; സംഘർഷത്തിൽ ആറുപേർക്ക് പരിക്ക്
text_fieldsമേപ്പയ്യൂർ: പരിസ്ഥിതി പ്രാധാന്യമുള്ള പുറക്കാമലയിൽ കരിങ്കൽ ഖനനം നടത്താനുള്ള നീക്കം തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. ആറ് സമരസമിതി പ്രവർത്തകർക്ക് പരിക്കേറ്റു. കംപ്രസർ ഉപയോഗിച്ച് കുഴിയെടുക്കാനുള്ള ശ്രമം തിങ്കളാഴ്ച സമരസമിതി പ്രവർത്തകർ തടഞ്ഞപ്പോഴാണ് സംഘർഷമുണ്ടായത്. പുറക്കാമല സംരക്ഷണസമിതി കൺവീനർ എം.എം. പ്രജീഷ്, സമരസമിതി നേതാക്കളായ കെ. ലോഹ്യ, വി.പി. മോഹനൻ, എം.കെ. മുരളീധരൻ, വി.എം. അസൈനാർ, ഡി.കെ. മനു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്ര ഗവ. ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ക്വാറി കുത്തകകളുടെ ഗുണ്ടകൾ പുറക്കാമല കേന്ദ്രീകരിച്ച് സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് സമരസമിതി ആരോപിച്ചു. ജനാധിപത്യപരമായി സമരം ചെയ്യുന്ന സംരക്ഷണ സമിതി പ്രവർത്തകർക്കും നാട്ടുകാർക്കുമെതിരെ പ്രകോപനമുണ്ടാക്കുകയാണ് ക്വാറി മാഫിയ സംഘത്തിനെതിരെ കർശന നടപടി സ്വീകരിക്കണം. ചെയർമാൻ ഇല്യാസ് ഇല്ലത്ത് അധ്യക്ഷതവഹിച്ചു. വി.എ. ബാലകൃഷ്ണൻ. മധുപുഴയരികത്ത്, കമ്മന അബ്ദുറഹ്മാൻ, ടി.പി. വിനോദൻ, എ.ടി. സുരേഷ് ബാബു, കീഴ്പോട്ട് അമ്മത്, പി.എം. സജീവൻ, ഇല്ലത്ത് അബ്ദറിമാൻ എന്നിവർ സംസാരിച്ചു.