ഓൺലൈൻ ട്രേഡിങ്ങിൽ 65 ലക്ഷം തട്ടിയ കേസിൽ പണമിടപാടുകാരൻ അറസ്റ്റിൽ
text_fieldsവിമല്‍ പ്രതാപ് റായ്
കോഴിക്കോട്: ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ 65 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നഗരത്തിലെ പണമിടപാടുകാരൻ അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയെ ഫോൺ, ഇ-മെയിൽ, വെബ് സൈറ്റ് എന്നിവ വഴി ബന്ധപ്പെട്ട് ഓൺലൈൻ വഴി ഫോറക്സ് ട്രേഡിങ് നടത്തി ലാഭമുണ്ടാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് 65,22,800 രൂപ തട്ടിയെടുത്ത കേസിലാണ് വിമല്‍ പ്രതാപ്റായ് റാഡിയ (47) അറസ്റ്റിലായത്. ഗുജറാത്ത് സ്വദേശിയായ ഇയാളുടെ കുടുംബം വർഷങ്ങളായി കോഴിക്കോടാണ് താമസം.
കഴിഞ്ഞവർഷം ഒക്ടോബർമുതൽ ഈ വർഷം മാർച്ച് വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തട്ടിപ്പുകാർക്കുവേണ്ടി പണം സ്വീകരിച്ചായിരുന്നു വിമൽ ഇടപാടുകാരെ വലയിലാക്കിയത്. ഇയാൾ താമസിക്കുന്ന സൗത്ത് ബീച്ചിലെ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ 12.5 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. റിട്ട. ബാങ്ക് മാനേജരായ പരാതിക്കാരനെ ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ സമൂഹമാധ്യമം വഴി ബന്ധപ്പെട്ട് പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിപ്പിച്ച് കബളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പരാതിക്കാരൻ 12,40,000 രൂപ രണ്ട് തവണകളായി വിമലിന് നേരിട്ട് കൈമാറിയിരുന്നു. ഫോൺ കോളുകളും ഇമെയിലും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ പരാതിക്കാരൻ തിരിച്ചറിഞ്ഞശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതര സംസ്ഥാനങ്ങളിൽനിന്നും മറ്റു വിദൂരസ്ഥലങ്ങളിൽനിന്നും ഓൺലൈൻ തട്ടിപ്പ് നടത്തുന്നവർക്കുവേണ്ടി നാട്ടിൽ പണം സ്വീകരിച്ച് കൈമാറുകയാണ് ഇയാളുടെ തട്ടിപ്പ് രീതി. ഇതേ രീതിയിലുള്ള മറ്റു കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുമായി ഇയാൾക്കുള്ള ബന്ധവും പരിശോധിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ വിമലിനെ റിമാൻഡ് ചെയ്തു.
ഇത്തരത്തിൽ അനധികൃതമായി പണം സ്വീകരിച്ച് തട്ടിപ്പ് നടത്തുന്നവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. ഓൺലൈൻ തട്ടിപ്പുകാർക്കുവേണ്ടി ബാങ്ക് അക്കൗണ്ടുകൾ എടുത്ത് നൽകുന്നവരെക്കുറിച്ചും പണം സ്വീകരിച്ച് കൈമാറുന്നവരെ സംബന്ധിച്ചും അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമീഷണർ അരുൺ കെ. പവിത്രന്റെയും സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ അസി. കമീഷണർ ജി. ബാലചന്ദ്രന്റെയും മേല്‍നോട്ടത്തില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ.കെ. ആഗേഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിനോദ് കുമാർ, അബ്ദുൽ അസീസ്, പി. പ്രകാശ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഫെബിൻ, സിവില്‍ പൊലീസ് ഓഫിസര്‍ ഷമാന അഹമ്മദ് എന്നിവര്‍ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.