അനുമതി ലഭിച്ച് 15 വർഷം; നടപ്പാലം സ്വപ്നം മാത്രം
text_fieldsകുന്ദമംഗലം: ആരാമ്പ്രം പുള്ളിക്കോത്ത് കൊച്ചുണ്ണി എന്ന സ്ഥലത്തുനിന്ന് പതിമംഗലം ഭാഗത്തേക്ക് നടപ്പാലത്തിനായി നാട്ടുകാരുടെ 15 വർഷത്തെ കാത്തിരിപ്പ് തുടരുന്നു. പാലം നിർമിക്കാൻ 2010ൽ ഭരണാനുമതി ലഭിച്ചിരുന്നു. 2011 ഫെബ്രുവരി 28ന് അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. അന്ന് കൊടുവള്ളി എം.എൽ.എ ആയിരുന്ന പി.ടി.എ റഹീം ആയിരുന്നു പദ്ധതി കൊണ്ടുവന്നത്.
കുന്ദമംഗലം-മടവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നടപ്പാലം നാട്ടുകാർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. നടപ്പാലം വന്നാൽ അക്കാലത്ത് ആരാമ്പ്രം പുള്ളിക്കോത്ത് കൊച്ചുണ്ണി ഭാഗത്തുനിന്ന് എളുപ്പം ദേശീയപാതയിലേക്ക് എത്താൻ കഴിയുമായിരുന്നു. ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് കുട്ടികൾ കടത്തുതോണിയിലായിരുന്നു പോയിരുന്നത്.
പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞപ്പോൾ അന്നുണ്ടായിരുന്ന തോണി സർവിസ് നിർത്തി. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉദ്യോഗസ്ഥർ വന്ന് പാലത്തിന് അളവും എസ്റ്റിമേറ്റും എടുക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പാലം വരുന്നത് അനന്തമായി നീണ്ടതിനാൽ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ കൊടുവള്ളിയിലും കുന്ദമംഗലത്തും പരാതി നൽകിയിരുന്നെന്ന് നാട്ടുകാരൻ അബ്ദുൽ ഖാദർ പറഞ്ഞു. മന്ത്രി റിയാസിനും പരാതി നൽകി.
2010 മാർച്ചിൽ 40 ലക്ഷം രൂപയാണ് നടപ്പാലത്തിന് അനുവദിച്ചത്. എന്നാൽ ആ തുകക്ക് കരാർ എടുക്കാൻ ആരെയും ലഭിച്ചില്ല. തുടർന്ന് നാട്ടുകാർ പിരിവെടുത്ത് അഞ്ച് ലക്ഷം രൂപകൂടി സംഘടിപ്പിച്ചെങ്കിലും 12 ലക്ഷം രൂപ അധികമായി ലഭിച്ചാലെ കരാർ എടുക്കാൻ കഴിയൂവെന്ന് കരാറുകാരൻ അറിയിച്ചതായി പുള്ളിക്കോത്ത് വാർഡ് അംഗം പുറ്റാൾ മുഹമ്മദ് പറഞ്ഞു. 2019 ആഗസ്റ്റിൽ 63 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചു.
സാങ്കേതിക കാരണങ്ങളാൽ കരാറുകാരെ ലഭിച്ചില്ല. ശേഷം കുറച്ചുകൂടി സൗകര്യമുള്ള ജീപബിൾ പാലം നിർമിക്കാൻ 2.75 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. 45.75 മീറ്റർ നീളവും ഒരു ഭാഗത്ത് നടപ്പാത ഉൾപ്പെടെ 5.95 മീറ്റർ വീതിയിലുമാണ് പാലത്തിനുള്ള എസ്റ്റിമേറ്റ് തയറാക്കി മൂന്നാം തവണ ഭരണാനുമതിക്കായി കാത്തിരിക്കുന്നത്. മുക്കത്ത് കടവ് നടപ്പാലം വർഷങ്ങൾക്കിപ്പുറം ജീപബിൾ പാലമാകുമെന്ന പ്രതീക്ഷയിൽ നാട്ടുകാരുടെ കാത്തിരിപ്പ് നീളുകയാണ്.