കൂടപ്പിറപ്പിന്റെ ചികിത്സക്കായി കാൽപന്ത് കളിയിലൂടെ സമാഹരിച്ചത് എട്ട് ലക്ഷം
text_fieldsസമാഹരിച്ച തുക കമ്മിറ്റിക്ക് കൈമാറുന്നു
മുക്കം: മജ്ജ മാറ്റിവെക്കൽ ചികിത്സ - ആത്മസുഹൃത്തിന്‍റെ ചികിത്സാ ചെലവിനായി കാൽപന്ത് കളിയിലൂടെ എട്ട് ലക്ഷം സമാഹരിച്ച് യുവാക്കൾ.
ചേന്ദമംഗലൂർ പുൽപറമ്പ് ദർശി മൈതാനിയിൽ ജനകീയ കൂട്ടായ്മയുടെ പേരിൽ സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്‍റ് വഴിയാണ് രക്താർബുദം ബാധിച്ച് ആർ.സി.സിയിൽ ചികിത്സയിലുള്ള നാട്ടുകാരനായ മുപ്പത്തിമൂന്നുകാരൻ യുവാവിനുവേണ്ടി ഒരുപറ്റം യുവാക്കൾ തുക സമാഹരിച്ചത്. യുവാവിന്‍റെ പേര് വെളിപ്പെടുത്താതെ ‘കൂടപ്പിറപ്പിന്‍റെ ചികിത്സക്കായി’ എന്ന ടാഗ് ലൈനിലാണ് സോക്കർ സംഘടിപ്പിച്ചത്.
കളിയിലൂടെ പിരിഞ്ഞുകിട്ടിയ 8.19 ലക്ഷം രൂപ പുൽപറമ്പ് ‘സായാഹ്ന’ത്തിൽ നടന്ന പരിപാടിയിൽ ടൂർണമെന്‍റ് കമ്മിറ്റി അംഗങ്ങളായ ബന്ന ചേന്ദമംഗലൂർ, റാഫി തച്ചമ്പറ്റ, അദീബ് സി.ടി, സുബൈർ മംഗലശ്ശേരി തുടങ്ങിയവർ ചേർന്ന് നാട്ടുകാർ രൂപവത്കരിച്ച ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ കെ. സുബൈറിന് കൈമാറി.
ജനറൽ കൺവീനർ ഒ. ശരീഫുദ്ദീൻ, ട്രഷറർ വി.പി. ഹമീദ്, സി.കെ. വഹാബ്, രാജു മംഗലശ്ശേരി, നാജി റഹ്മാൻ, ഷിജു പെരുവാട്ടിൽ, ഹാരിസ് സി.കെ, ഹാഷിം തുടങ്ങിയവർ സംബന്ധിച്ചു.


