സ്ഥാനാർഥികളുടെ വരവറിയിച്ച് വേറിട്ട ബോർഡുകൾ
text_fieldsമുക്കം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിവിധ മുന്നണികൾ സ്ഥാനാർഥികളെ നിർണയിച്ചു വെള്ളിയാഴ്ച മുതൽ നാമനിർദേശപത്രിക സമർപ്പിക്കാനിരിക്കെ മലയോര മേഖലയിലും തെരഞ്ഞെടുപ്പ് പ്രചാരണ സാധന സാമഗ്രികളുടെ വിൽപന ചൂടുപിടിച്ചു. ഫ്ലക്സിനും, പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതോടെ പൂർണമായും കടലാസു കൊണ്ട് നിർമിക്കുന്ന കൊറെഗേറ്റഡ് ബോർഡുകളാണ് ഇത്തവണ സ്ഥാനാർഥികളുടെ ചിരിക്കുന്ന മുഖവുമായി വോട്ടഭ്യർഥിച്ചുകൊണ്ടു നാട്ടുകാർക്ക് മുന്നിലെത്തുക.
കണ്ടാൽ പ്ലാസ്റ്റിക് പോലെ തോന്നുകയും, നല്ല ഫിനിഷിങ്ങുമുണ്ടാകുമെന്നതാണ് ഈ ബോർഡിന്റെ പ്രത്യേകത. വിവിധ പാർട്ടികളുടെ ചിഹ്നങ്ങളും മറ്റും പ്രിന്റു ചെയ്ത ടീ ഷർട്ടുകളും വിലക്കുറവിൽ പ്രവർത്തകർക്ക് ലഭ്യമാണെന്നും, കൂടാതെ പാർട്ടികളുടെ കൊടിയുടെ നിറങ്ങളിലും, ചിഹ്നങ്ങളുമടങ്ങിയ ഹെഡ്‌ബാൻഡ്, റിസ്റ്റ് ബാൻഡ്, പുതിയ തരം തൊപ്പികൾ എന്നിവയും, വിവിധ പാർട്ടികളുടെ കൊടികളും മുക്കം ടൗണിൽ ലഭ്യമാണ്.
കൂടാതെ, സ്ഥാനാർഥികൾക്ക് പ്രവർത്തകർക്കും, അനുഭാവികൾക്കും നൽകാൻ സ്വന്തം ഫോട്ടോയും ചിഹ്നവും പ്രിന്റു ചെയ്ത കീചെയിനുകളും ഇവിടെ ലഭിക്കും. നാമനിർദേശപത്രിക തള്ളുന്ന അവസാന ദിവസം മുതൽ പ്രചാരണത്തിന് കേവലം 15 ദിവസം മാത്രമേയുള്ളൂവെങ്കിലും പ്രചാരണം കൊഴുപ്പിക്കുന്നുന്നതിനുള്ള സാധന സാമഗ്രികൾ വൻതോതിൽ വിറ്റഴിക്കാനുള്ള ഒരുക്കത്തിലാണ് വ്യാപാരികൾ.


