മൂന്നു വർഷം മുമ്പ് മോഷണംപോയ മൊബൈൽ ഫോൺ തിരിച്ചുകിട്ടി
text_fieldsനഷ്ടപ്പെട്ട മൊബൈൽ ഫോൺ അബ്ദുറഹ്മാൻ മുക്കം എസ്.ഐയിൽനിന്ന് വാങ്ങുന്നു
മുക്കം: മൂന്നു വർഷം മുമ്പ് യാത്രക്കിടയിൽ മോഷണംപോയ മൊബൈൽ ഫോൺ സൈബർ സെല്ലിന്റെ സഹായത്തോടെ ഉടമക്ക് തിരിച്ചു കിട്ടി.
ചേന്ദമംഗല്ലൂർ ടി.കെ. അബ്ദുറഹ്മാൻ വിദേശത്ത് നിന്ന് വാങ്ങിയ പോക്കോ കമ്പനിയുടെ മൊബൈൽ ഫോണാണ് തിരിച്ചുകിട്ടിയത്. മുക്കം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ഉടമയെ വരുത്തി പൊലീസ് തിരിച്ചേൽപ്പിക്കുകയായിരുന്നു.
2023 ആഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം. അബ്ദുറഹ്മാനും സുഹൃത്തുക്കളും കൊണ്ടോട്ടിയിലെ മരണ വീട് സന്ദർശിക്കാൻ പോയതായിരുന്നു. ഈ സമയം മൊബൈൽ ഫോൺ കാറിൽ വെച്ച് മറന്നു. മരണവീട്ടിൽ പോയി മടങ്ങിവരുമ്പോൾ ഫോൺ നഷ്ടപ്പെട്ടിരുന്നു.
അന്ന് മുക്കം പൊലീസ് സ്റ്റേഷനിലെ സൈബർ സെല്ലിൽ പരാതി നൽകി. എന്നാൽ ഫോൺ മോഷ്ടാവ് ഒരു കടയിൽ വിറ്റതിനാൽ പ്രതിയെ പിടികൂടാനായില്ല.പിന്നീട് ഒരു വ്യക്തി മൊബൈൽ ഫോൺ 5000 രൂപ കൊടുത്ത് ഷോപ്പിൽനിന്ന് വാങ്ങുകയും സിം കാർഡിട്ട് ഉപയോഗിക്കുകയും ചെയ്തതോടെ സൈബർ സെല്ലിന് വിവരം ലഭിച്ചു.
വാങ്ങിയ ആൾ സൈബർ സെല്ലിന്റെ നിർദേശപ്രകാരം മുക്കം പൊലീസ് സ്റ്റേഷനിൽ എത്തി മൊബൈൽ ഫോൺ പൊലീസിൽ തിരിച്ചേൽപ്പിക്കുകയും പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് അബ്ദുറഹിമാൻ മുക്കം എസ്.ഐയിൽ നിന്ന് ഫോൺ വാങ്ങുകയുമായിരുന്നു.


