മുക്കത്ത് സംസ്ഥാന പാതയിൽ പുതിയ പാലം; ടെൻഡർ നടപടികളിലേക്ക് കടന്നു ആറു മീറ്റർ വീതിയിലാണ് പുതിയ പാലം
text_fieldsമുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ 50 വർഷത്തിലേറെ പഴക്കമുള്ള മുക്കം പാലം പുനർനിർമിക്കാൻ നടപടി വേണമെന്നാവശ്യം നിലനിൽക്കേ കടവിൽ പുതിയ മറ്റൊരു പാലം നിർമിക്കാൻ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 7.25 കോടി രൂപയുടെ ഭരണാനുമതി നേരത്തേ പാലം നിർമാണത്തിന് ലഭിച്ചിരുന്നു.
ഇപ്പോൾ ടെൻഡർ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. പി.എം.ആർ, പി.ടി.എസ് എന്നീ കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തതെന്നാണ് വിവരം. മുക്കം ടൗൺ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിർമിച്ച മിനി പാർക്ക് സംരക്ഷിച്ച് നിലവിലെ പാലം പൊളിക്കാതെ പാലത്തിന്റെ വലത് ഭാഗത്ത് പുതിയ മറ്റൊരു പാലം നിർമിക്കാനാണ് പദ്ധതി. ആറു മീറ്റർ വീതിയിലാണ് പുതിയ പാലം നിർമിക്കുക. നിലവിലെ പാലത്തിന് 6.5 മീറ്റർ വീതിയുണ്ടെന്നും സുരക്ഷ ഭീഷണിയില്ലെന്നും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുമെന്നും ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചു. ഒരു മാസംകൊണ്ട് ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തിയാരംഭിക്കാനാണ് ശ്രമം.
അതേസമയം, നിലവിലെ പാലം കാലപ്പഴക്കം കാരണം സിമന്റ് അടർന്നുവീണ് കമ്പികൾ പുറത്തുകാണുന്ന നിലയിലാണ്. ക്വാറി, ക്രഷർ യൂനിറ്റുകളിൽനിന്ന് ടൺ കണക്കിന് ഭാരമുള്ള ലോഡുമായി ദിനേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോവുന്നത്. നിലവിൽ കിലോമീറ്ററിന് നാലുകോടിയോളം ചെലവഴിച്ച് സംസ്ഥാന പാത വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. ഈ പ്രവൃത്തിക്കൊപ്പംതന്നെ കാരശ്ശേരി പഞ്ചായത്തിനെയും മുക്കം മുനിസിപ്പാലിറ്റിയേയും ബന്ധിപ്പിക്കുന്ന ഈ പാലവുംപുതുക്കിപ്പണിയുമെന്നായിരുന്നു കരുതിയിരുന്നത്.
മാസങ്ങൾക്ക് മുമ്പ് പാലത്തിന്റെ കൈവരികൾ അറ്റകുറ്റപ്പണി നടത്തുകയും പെയിന്റടിച്ച് വൃത്തിയാക്കുകയും ചെയ്തിരുന്നു. നിലവിലുള്ള പാലത്തിന് റോഡിന്റെ പകുതി വീതിയാണുള്ളത്. ഇതുമൂലം പാലത്തിൽ അപകടങ്ങളും ഗതാഗതക്കുരുക്കും ഉണ്ടാവാറുണ്ട്.
പുതിയ ഒരു പാലംകൂടി വരുന്നതോടെ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാവും. മാത്രമല്ല, നിലവിലെ പാലം ബലപ്പെടുത്തുന്നതോടെ ഗതാഗതം വഴി തിരിച്ചുവിടേണ്ടി വരുകയും വേണ്ട.