അമീബിക് മസ്തിഷ്ക ജ്വരം; മുക്കം നഗരസഭയിൽ പ്രതിരോധ നടപടി ഉടൻ
text_fieldsമുക്കം: ജില്ലയിൽ വിവിധ ഭാഗങ്ങളിൽ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പ്രവർത്തനവുമായി മുക്കം നഗരസഭ. പ്രതിരോധ നടപടികൾക്കായി നഗരസഭ ആരോഗ്യ വിഭാഗം പദ്ധതി തയാറാക്കി. നഗരസഭയിലെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകളും പൊതു കിണറുകളും 30, 31 തീയതികളിലായി കൗൺസിലർമാരുടെ നേതൃത്വത്തിൽ ആശ വർക്കർമാർ, ഹരിതകർമ സേനാംഗങ്ങൾ, എൻ.എച്ച്.എം വളന്റിയർമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിവരുടെ സഹായത്തോടെ ക്ലോറിനേഷൻ നടത്തും.
പൊതു കിണറുകൾ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ക്ലോറിനേറ്റ് ചെയ്യും. വീടുകളിലേക്ക് അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച ലഘുലേഖ വിതരണം ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചു.
കിണറുകൾ കൃത്യമായി ക്ലോറിനേഷൻ നടത്തിയിട്ടുണ്ടോ എന്ന പരിശോധന സെപ്റ്റംബർ ആദ്യവാരം നടത്തും. ഓണാവധിക്ക് ശേഷം ഹരിതകേരളം മിഷൻ, ആരോഗ്യ വകുപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മുഴുവൻ വിദ്യാർഥികളെയും ഏകോപിപ്പിച്ച് വിപുലമായ ജനകീയ ബോധവത്കരണ കാമ്പയിൻ നടത്തും.
നഗരസഭ ചെയർപേഴ്സൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പ്രജിത പ്രദീപ് അധ്യക്ഷത വഹിച്ചു. സി.എച്ച്.സി മെഡിക്കൽ ഓഫിസർ സുമംഗല വിഷയാവതരണം നടത്തി. ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ കെ. ഷിബിൻ കാമ്പയിൻ പ്രവർത്തങ്ങൾ അവതരിപ്പിച്ചു.
സി.എച്ച്.സി മുക്കം ഹെൽത്ത് സൂപ്പർവൈസർ സിജു ക്ലോറിനേഷൻ രീതി വിശദീകരിച്ചു. കൗൺസിലർമാർ, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, റെസിഡൻസ് പ്രതിനിധികൾ, കുടിവെള്ള പദ്ധതി കൺവീനർമാർ, ആശ പ്രവർത്തകർ, ഹരിതകർമ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.