ക്വാറി വിഷയത്തിൽ കാരശ്ശേരിയിലെ സി.പി.എമ്മും മുസ്ലിം ലീഗും ഭായി ഭായി
text_fieldsമുക്കം: കാരശ്ശേരി, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ കൊടിയത്തൂർ, കുമാരനെല്ലൂർ വില്ലേജ് പരിധിയിൽ ആരംഭിക്കാനിരിക്കുന്ന കരിങ്കൽ ഖനനവുമായി ബന്ധപ്പെട്ട് നടന്ന ഹിയറിങ്ങിൽ ഖനനത്തിന് അനുകൂല നിലപാട് സ്വീകരിച്ച കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ സി.പി.എം മെംബർ കെ.പി. ഷാജി, സി.പി.ഐ മെംബർ എം.ആർ. സുകുമാരൻ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സലാം തേക്കുംകുറ്റി എന്നിവരുടെ നടപടി വിവാദമാവുന്നു. 10 ഹെക്ടറിലധികം സ്ഥലത്ത് ആരംഭിക്കാനിരിക്കുന്ന ക്വാറിക്ക് അനുകൂലമായാണ് കലക്ടറുടെ അധ്യക്ഷതയിൽ നടന്ന പൊതു തെളിവെടുപ്പിൽ ഇവർ നിലപാടെടുത്തത്.
കാരശ്ശേരിയിൽ പുതിയ ക്വാറികൾക്കോ ക്രഷറുകൾക്കോ അനുമതി നൽകേണ്ടതില്ലെന്ന ഇടതുമുന്നണിയുടെ പ്രഖ്യാപിത നിലപാടിനെതിരാണിത്. ഇതിനെതിരെ സി.പി.എമ്മിൽ വലിയ രീതിയിൽ പ്രതിഷേധമുയരുന്നുണ്ട്. സി.പി.എം സമ്മേളനങ്ങൾക്ക് തുടക്കമായതോടെ ലോക്കൽ സമ്മേളനങ്ങളിലും വിഷയം ചർച്ചയാവുമെന്ന് ഉറപ്പാണ്. പഞ്ചായത്തിലെ മറ്റ് സി.പി.എം മെംബർമാർ ഷാജിക്കെതിരെ പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ട്. ബി വൺ കാറ്റഗറിയിലുള്ള വലിയ ക്വാറിയാണ് ആരംഭിക്കാൻ പോകുന്നത്.
10ാം വാർഡ് മെംബറായ കെ.പി. ഷാജി ക്വാറി അസോസിയേഷൻ സംസ്ഥാന ഭാരവാഹി കൂടിയാണ്. സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ - മേപ്പാടി -കള്ളാടി തുരങ്കപാതയോടു ചേർന്നാണ് ക്വാറിയെന്നും സമീപ റോഡുകളിൽ ഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ ഇത്തരം പദ്ധതികൾകൊണ്ട് മാത്രമേ സാധ്യമാവൂ എന്നുമുള്ള വിചിത്ര വാദമാണ് സി.പി.എം അംഗം ഉന്നയിച്ചിരിക്കുന്നത്. മാത്രമല്ല, ലൈഫ് മിഷൻ പദ്ധതിക്ക് സാമഗ്രികൾ ലഭിക്കാൻ ക്വാറി അത്യാവശ്യമാണെന്നും മുക്കം മേഖലയിലാണ് കേരളത്തിൽ ഏറ്റവും കുറഞ്ഞ വിലയിൽ നിർമാണ വസ്തുക്കൾ ലഭ്യമാകുന്നതെന്നും അദ്ദേഹം ഹിയറിങ്ങിൽ പറഞ്ഞു. സി.പി.ഐ നേതാവും തോട്ടക്കാട് വാർഡ് മെംബറുമായ എം.ആർ. സുകുമാരനും വിചിത്ര വാദമാണ് ഉന്നയിച്ചത്. ഒരു കാലത്ത് യാത്ര-കുടിവെള്ള സൗകര്യം കുറവായിരുന്ന കാരശ്ശേരിയിൽ ഇത്തരം സ്ഥാപനങ്ങൾ വന്നതുകൊണ്ടാണ് ജീവിത സാഹചര്യങ്ങൾ മെച്ചപ്പെട്ടതെന്നും 2018ലെ പ്രളയകാലത്ത് ധാരാളം സഹായങ്ങൾ ക്വാറിയുടമ നൽകിയിട്ടുണ്ടെന്നും പ്രദേശത്തെ ആദിവാസി, പട്ടികജാതി-വർഗക്കാരുടെ ജീവിത സാഹചര്യം ഉയർത്താൻ ഇതിലൂടെ കഴിയുമെന്നും സുകുമാരൻ ബോധിപ്പിച്ചു. കുമാരനെല്ലൂർ വില്ലേജിൽ ഒറ്റ പ്ലോട്ടിൽ 13 ഹെക്ടറിൽ അധികം ആൾത്താമസമില്ലാത്ത ഇത്തരം സ്ഥലങ്ങളിലല്ലാതെ മറ്റെവിടെയാണ് സർക്കാർ മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിച്ച് ഖനന പദ്ധതിക്ക് അനുമതി കൊടുക്കാനാവുക എന്ന ചോദ്യമാണ് ലീഗ് നേതാവ് സലാം തേക്കുംകുറ്റി ചോദിച്ചത്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാധാരണക്കാരന് അൽപമെങ്കിലും ആശ്വാസം നൽകുന്ന മേഖലയാണ് ഇതെന്ന് പൊതു പ്രവർത്തകനെന്ന നിലയിൽ പറയാൻ കഴിയുമെന്നും പഞ്ചായത്തിൽ ജലക്ഷാമം അനുഭവിക്കുന്ന മേഖലകളിൽ കുടിവെള്ളം എത്തിക്കുന്നതിന് ഗ്രാമപഞ്ചായത്ത് അധികൃതർ സഹായം ചോദിക്കുന്നത് ഇത്തരം സ്ഥാപനങ്ങളോടാണെന്നും അദ്ദേഹം പറഞ്ഞു. നൂറിലധികം പേർ പങ്കെടുത്ത പൊതു ഹിയറിങ്ങിലാണ് ഇവർ ക്വാറിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ജില്ലയിൽ തന്നെ ഏറ്റവുമധികം ക്വാറികളും ക്രഷറുകളും പ്രവർത്തിക്കുന്ന മേഖലയിൽ നിരവധിയാളുകൾ ഇതിന്റെ പ്രവർത്തനം മൂലം ദുരിതമനുഭവിക്കുമ്പോഴാണ് ക്വാറി വിഷയത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കൾ അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.


