200 സ്ഥാനാർഥികളുടെ ഫോട്ടോ ഷൂട്ടുമായി രാജീവ് സ്മാർട്ട്
text_fieldsമുക്കം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏറെ മൊഞ്ചോടെ ചിരിച്ചും കൈ ഉയർത്തിയും നിൽക്കുന്ന 200 സ്ഥാനാർഥികളാണ് രാജീവ് സ്മാർട്ട് എന്ന ഫോട്ടോഗ്രാഫറുടെ കാമറയിലൂടെ വോട്ടഭ്യർഥിച്ച് നിറഞ്ഞുനിൽക്കുന്നത്. കോഴിക്കോട് കോർപറേഷൻ, മുക്കം, കൊടുവള്ളി, നഗരസഭകൾ, കൊടിയത്തൂർ, കാരശ്ശേരി, തിരുവമ്പാടി, താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി, ചാത്തമംഗലം, കൂടരഞ്ഞി, പുതുപ്പാടി, കിഴക്കോത്ത്, മാവൂർ തുടങ്ങി പതിമൂന്നിലേറെ പഞ്ചായത്തുകളിലും മത്സരിക്കുന്ന യു.ഡി.എഫ്, എൽ.ഡി.എഫ്, വെൽഫെയർ പാർട്ടി, എൻ.ഡി.എ സ്ഥാനാർഥികൾക്ക് പുറമെ സ്വതന്ത്ര സ്ഥാനാർഥികളുടെയും ഫോട്ടോ ഷൂട്ടാണ് നടത്തിയത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ തന്നെ ഫോട്ടോ എടുക്കാനായി സ്ഥാനാർഥികളുടെ വരവ് തുടങ്ങിയിരുന്നു. സമൂഹ മാധ്യ മങ്ങൾ വഴിയുള്ള പ്രചാരണം കൊഴുക്കുന്നതിനാൽ മിക്കവരും പ്രഫഷനൽ ഫോട്ടോഗ്രാഫർ മാരെ തന്നെയാണ് ഫോട്ടോകൾക്കായി സമീപിക്കുന്നത്. ഇതിനാൽ തന്നെ ഒട്ടേറെ സ്ഥാനാർഥികളുടെ ചിത്രങ്ങൾ പകർത്താൻ അവസരമൊത്തതോടെയാണ് കൊളാഷ് ഒരുക്കുന്നതിന് വഴിതെളിഞ്ഞതെന്ന് രാജിവ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഗോദയിൽ റീൽസും, സമൂഹമാധ്യമ പോസ്റ്റുകളും അരങ്ങു തകർക്കുംമ്പോൾ ത്രിതല പഞ്ചായത്തുകളിലെയും കോർപറേഷനിലേയും സ്ഥാനാർഥികളുടെ ചിത്രങ്ങൾ രാജീവ് തന്റെ കാമറ കണ്ണുകളിലൂടെ പകർത്തിയെടുത്ത് സംവിധാനിച്ചത് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.


