അമ്പും വില്ലുമായി കാടിളക്കി കാട്ടുപന്നിവേട്ട
text_fieldsമുക്കത്ത് അമ്പും വില്ലുമുപയോഗിച്ച് നടന്ന കാട്ടുപന്നിവേട്ടയിൽനിന്ന്
മുക്കം: മുക്കം നഗരസഭയിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ ആദിവാസികളുടെ നേതൃത്വത്തിൽ അമ്പും വില്ലുമായി കാടിളക്കി നായാട്ട് സംഘടിപ്പിച്ചു. സംസ്ഥാനത്തുതന്നെ ആദ്യമായാണ് അമ്പും വില്ലുമുപയോഗിച്ച് പന്നി വേട്ട നടത്തിയത്. കിഫയുടെ ഷൂട്ടർമാരും സഹകരിച്ചു. മുക്കം നഗരസഭയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും പന്നി ശല്യം അതിരൂക്ഷമാണ്. ഇതേത്തുടർന്നാണ് മുക്കം നഗരസഭയുടെ നേതൃത്വത്തിൽ അമ്പും വില്ലും ഉപയോഗപ്പെടുത്തിയുള്ള പന്നിവേട്ട നടത്തിയത്.
വയനാട് ജില്ലയിലെ കുറിച്യർ വിഭാഗത്തിൽപ്പെട്ട പരിചയ സമ്പന്നരായ അമ്പെയ്ത്തുകാരാണ് സംസ്ഥാനത്തുതന്നെ ആദ്യ പന്നിവേട്ടക്ക് മുക്കം നഗരസഭയിൽ നേതൃത്വം നൽകിയത്. വയനാട് ആദിവാസി അമ്പെയ്ത്തുകാരൻ അപ്പച്ചൻ, കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ക്ലബ് കോഴിക്കോട് ജില്ല കോഓഡിനേറ്റർ ടെന്നി തോമസ്സ്, കിഫ മുക്കം കൺവീനർ വിനോദ് മണാശ്ശേരി എന്നിവർ നേതൃത്വം നൽകി.
56 പേരടങ്ങുന്ന വേട്ട സംഘത്തിന്റെ നായാട്ടിൽ ആദ്യത്തെ ഒരു മണിക്കൂറിനകം മൂന്ന് കാട്ടുപന്നികൾ വലയിലായി. പിന്നീട് നാല് പന്നികളെയും കൊന്നു. ഒറ്റ അമ്പിൽ തന്നെ കാട്ടുപന്നിയെ വീഴ്ത്താനുള്ള കഴിവാണ് സവിശേഷത. ആദ്യം തൊടുത്തുവിടുന്ന അമ്പിനോടൊപ്പം, മുട്ടമ്പും തൊടുത്തേപ്പാൾ കാട്ടു പന്നി വീഴുകയായിരുന്നു.


