ആംബുലൻസിന് നേരെ ആക്രമണം; വളയം പൊലീസ് കേസെടുത്തു
text_fieldsപ്രതീകാത്മക ചിത്രം
നാദാപുരം: ആംബുലൻസിന്റെ റേഡിയേറ്റർ കേട് വരുത്തിയതായി പരാതി. പാറക്കടവ് പാണക്കാട് ശിഹാബ് തങ്ങളുടെ പേരിൽ യൂത്ത് ലീഗ് സർവിസ് നടത്തുന്ന ആംബുലൻസിന് നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പാറക്കടവ് ടൗണിലാണ് ആംബുലൻസ് പാർക്ക് ചെയ്തിരുന്നത്. അത്യാസന്ന നിലയിലുള്ള രോഗിയെയും കൊണ്ട് തലശ്ശേരിയിലേക്ക് പുറപ്പെട്ട ആംബുലൻസ് ഇടക്ക് വെച്ച് കേടാകുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് റേഡിയേറ്ററിലെ ചോർച്ചയും തകരാറും കണ്ടെത്തിയത്.
രോഗിയും കൂടെയുണ്ടായിരുന്നവരും വൻ അത്യാഹിതത്തിൽ നിന്നാണ് രക്ഷപ്പെട്ടത്. റേഡിയേറ്ററിനുള്ളിൽ ഇരുമ്പ് കമ്പിയോ മറ്റോ താഴ്ത്തി കേട് വരുത്തിയ നിലയിലായിരുന്നു. തൊട്ട് സമീപത്തെ ഫാനും തകർത്ത നിലയിലായിരുന്നു. വൻ സാമ്പത്തിക നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. വളയം പൊലീസിൽ പരാതി നൽകി.


