കലക്ടറുടെ നിർദേശം ലംഘിച്ചും ജപ്തിക്കൊരുങ്ങി ബാങ്ക്
text_fieldsനാദാപുരം: വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച മോറട്ടോറിയം നിലനിൽക്കെ ജപ്തി നടപടികൾ പാടില്ലെന്ന് കർശന നിർദേശം നൽകിയിട്ടും ബാങ്കുകൾ ജപ്തി നടപടികൾ സ്വീകരിക്കുന്നതായി വീണ്ടും ആക്ഷേപം. ചെക്യാട് വില്ലേജിലെ തയ്യിൽ ശ്രീധരന്റെ കൃഷിഭൂമി ജപ്തി നടപടിയുടെ ഭാഗമായി അളക്കാനാണ് ചൊവ്വാഴ്ച കക്കട്ട് ഭൂപണയ ബാങ്കിലെ ഉദ്യോഗസ്ഥർ എത്തിയത്.
സർക്കാറിന്റെ മോറട്ടോറിയം നിലനിൽക്കേ പത്രപരസ്യം നൽകി ജപ്തി നടപടികൾ സ്വീകരിച്ചത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേത്തുടർന്ന് റവന്യൂ മന്ത്രി കോഴിക്കോട് ജില്ല കലക്ടർ ഉൾപ്പെടെയുള്ള ദുരന്തനിവാരണ സമിതിയുടെ പ്രത്യേകയോഗം കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് വിളിച്ചുചേർക്കുകയുണ്ടായി.
സർക്കാർ പ്രഖ്യാപനത്തിന് വിരുദ്ധമായി മോറട്ടോറിയം ലംഘിച്ചുള്ള ബാങ്കുകളുടെയും സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളുടെയും ജപ്തി നടപടിക്കെതിരെ കർശന നടപടിയെടുക്കാൻ മന്ത്രി കോഴിക്കോട് ജില്ല കലക്ടർ ഉൾപ്പെടെയുള്ളവർക്ക് നിർദേശം നൽകിയിരുന്നു.
യോഗ തീരുമാനപ്രകാരം ജപ്തി നടപടികൾ നിർത്തിവെക്കാൻ കലക്ടർ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തു.പരാതികൾ പരിഹരിക്കാൻ ജില്ലയിലെ ലീഡ് ബാങ്ക് മാനേജർക്ക് ചുമതലയും നൽകിയിരുന്നു. എന്നാൽ, ഈ തീരുമാനങ്ങളെല്ലാം ലംഘിച്ചാണ് ചെക്യാട് വില്ലേജിലെ തയ്യിൽ ശ്രീധരന്റെ വസ്തു വകകൾ ജപ്തിയുടെ ഭാഗമായി അളക്കാനും 27ന് മുഴുവൻ തുകയും അടച്ചുതീർക്കാനും ബാങ്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ഡെ. കലക്ടറുടെ നിർദേശപ്രകാരമാണ് ജപ്തി നടപടികൾ കൈക്കൊള്ളാൻ എത്തിയതെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചതെന്ന് ശ്രീധരൻ പറഞ്ഞു.
എന്നാൽ നിർദേശം നൽകിയിട്ടില്ലെന്നാണ് ഡെ. കലക്ടർ അറിയിച്ചതെന്നും ശ്രീധരൻ പറഞ്ഞു. ബാങ്ക് നടപടിക്കെതിരെ റവന്യൂ മന്ത്രി, കലക്ടർ എന്നിവർക്ക് പരാതി നൽകിയിരിക്കുയാണ്.
മലയോര മേഖലയിലെ 9 വില്ലേജുകളിലായി 2025 മാർച്ച് 15നാണ് മോറട്ടോറിയം പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കിയത്. 2026 മാർച്ച് 20 വരെയാണ് മോട്ടോറിയത്തിന്റെ കാലാവധി. എന്നാൽ ഈ തീരുമാനം കാറ്റിൽ പറത്തിയാണ് വാണിമേൽ വില്ലേജിലെ അഞ്ച് കൃഷിക്കാർക്കും വളയം, ചെക്യാട് വില്ലേജിലെ ഒാരോ കർഷകർക്കും ഈ മാസം 18ന് ജപ്തി നടപ്പാക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട ബാങ്കുകൾ പത്ര പരസ്യവും, ജപ്തി നടപടികളും പ്രഖ്യാപിച്ചത്.
ബാങ്ക് നടപടി വെല്ലുവിളി -സ്ഥലം ഉടമ
നാദാപുരം: മോറട്ടോറിയം നടപടികൾ നിലനിൽക്കെ ജപ്തി നടപടിയുമായി രംഗത്തുവന്നത് അംഗീകരിക്കാനാവില്ലെന്ന് സ്ഥലം ഉടമ വളയത്തെ തയ്യിൽ ശ്രീധരൻ പറഞ്ഞു. ജപ്തി നടപടികൾ സ്വീകരിക്കുമ്പോൾ സ്ഥലം ഉടമക്ക് മുൻകൂട്ടി നോട്ടീസ് നൽകണമെന്നാണ് ചട്ടം.
ഇവയൊന്നും പാലിക്കാതെ ബാങ്ക് ഉദ്യോഗസ്ഥർ സ്ഥലത്തെ ഭൂമിയിൽ പരിശോധന നടത്തുകയായിരുന്നു. ഇതിനെതിരെ ജില്ല കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ഡെ. കലക്ടറുടെ അനുവാദത്തോടെയാണ് ജപ്തി നടപടി എന്ന വ്യാജം ബാങ്ക് ജീവനക്കാർ പ്രചരിപ്പിച്ചതായും ഇയാൾ പറഞ്ഞു.