സംസ്ഥാനതല ഗെയിംസ് മത്സരത്തിന് ഒരു വീട്ടിലെ അഞ്ചുപേർ ഒരുങ്ങുന്നു
text_fieldsനാദാപുരം: നരിപ്പറ്റ എറോളിച്ചാൽ വീട്ടിലെ അഞ്ചു പേർ സംസ്ഥാനതല ഗെയിംസ് മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടത് ഗ്രാമത്തിന് അഭിമാനമായി. സഹോദരങ്ങളായ ഇ.സി. അനീസുദ്ദീൻ, ഇ.സി. യാസർ അഹമ്മദ് എന്നിവരുടെ മക്കളാണ് ഈ നേട്ടത്തിന് അർഹരായത്.
അനീസുദ്ദീൻ-റംല ദമ്പതികളുടെ മക്കളായ ഇ.സി. ഹുനൈൻ (വാണിമേൽ എം.യു.പി സ്കൂൾ), ഇ.സി. ഹംദാൻ, ഹാദിയ (ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ, വാണിമേൽ), യാസർ അഹമ്മദ്-മുംതാസ് ദമ്പതികളുടെ മക്കളായ ഹനാൻ (വാണിമേൽ എം.യു.പി സ്കൂൾ), ഹയ സഹൽ (ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ) എന്നിവരാണ് സംസ്ഥാനതല മത്സരത്തിന് അർഹത നേടിയത്.
ഇവർ ടേബിൾ ടെന്നിസ് ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ ജില്ലയെ പ്രതിനിധാനം ചെയ്യും. ഇതോടൊപ്പം ഹയ സഹലും ഹാദിയയും സംസ്ഥാനതല ഷൂട്ടിങ് മത്സരത്തിലും ജില്ലയെ പ്രതിനിധാനം ചെയ്യുന്നുണ്ട്.
വാണിമേൽ ബ്രദേഴ്സ് അക്കാദമി, കോഴിക്കോട് ടെനറ്റ് അക്കാദമി എന്നിവിടങ്ങളിലായാണ് ഇവർ പരിശീലനം നേടിയത്. ഈ മാസം 21 മുതൽ 25 വരെ തിരുവനന്തപുരത്താണ് സംസ്ഥാനതല ഗെയിംസ് മത്സരങ്ങൾ അരങ്ങേറുന്നത്.


