തൊഴിൽ നിർത്താനൊരുങ്ങി നെയ്ത്തുതൊഴിലാളികൾ
text_fieldsഎടച്ചേരി ചുണ്ടയിലെ പരമ്പരാഗത കൈത്തറി വസ്ത്രനിർമാണ സ്ഥലം
നാദാപുരം: പകലന്തിയോളം ജോലിചെയ്താൽ തിരിച്ചുകിട്ടുക 300 രൂപ. ആറു മാസമായി വേതനമില്ല. ആറു മാസമായി ദിവസവേതനമായ 300 രൂപയും കുടിശ്ശിക. എടച്ചേരി ചുണ്ടയിലെ പാരമ്പര്യ നെയ്ത്തുതൊഴിലിൽ ഏർപ്പെട്ട പുതിയെടത്ത് കൃഷ്ണനും ഭാര്യ ലക്ഷ്മിയും തങ്ങളുടെ സങ്കടങ്ങൾ വിവരിച്ചു. എഴുപത്തിയഞ്ചു വയസ്സായ കൃഷ്ണന്റെ വാക്കുകളിൽ നിരാശയായിരുന്നു.
നൂൽ ലഭ്യമാകുന്ന മൂരാട് സൊസൈറ്റിയിൽനിന്ന് നെയ്ത്തുശാലയിൽ എത്തിക്കാൻ 400 രൂപ വാഹനച്ചെലവ് വരും. എല്ലാം കഴിഞ്ഞാൽ ബാക്കിയൊന്നും കൈയിലില്ലാത്ത സ്ഥിതിയാണ് ഈ രംഗത്ത് തൊഴിൽ ചെയ്യുന്നവർക്ക്.
ഒരു ദിവസം അഞ്ചു മീറ്റർ മാത്രമാണ് നെയ്യാൻ പറ്റുക. നെയ്ത സാധനങ്ങൾ തിരികെ സൊസൈറ്റിയിൽ എത്തിച്ചാൽ മീറ്ററിന് 75 രൂപ കൂലി ലഭിക്കും. ഈ കൂലി ലഭിച്ചിട്ട് ആറു മാസമായെന്ന് കൃഷ്ണൻ പറഞ്ഞു. പതിമൂന്നാമത്തെ വയസ്സിൽ തൊഴിലിനിറങ്ങിയിട്ടും ദൈനംദിന ജീവിതം തള്ളിനീക്കാമെന്ന അവസ്ഥയിലാണിപ്പോഴും. ഇതുതന്നെയാണ് മറ്റുള്ളവരുടെയും സ്ഥിതി.
നേരത്തെ സൊസൈറ്റിയിൽ ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം ബോണസായി ലഭിച്ചിരുന്നു. നിലവിൽ ബോണസ് ആനുകൂല്യവും നിലച്ച സ്ഥിതിയാണ്. വരുമാനത്തിന്റെ കുറവും അധ്വാനത്തിന്റെ കാഠിന്യവും കാരണം പുതുതലമുറകൾ ഈ മേഖല പൂർണമായും കൈയൊഴിഞ്ഞിരിക്കുകയാണ്.