വിലങ്ങാട് പുഴയോരം വൻ പാരിസ്ഥിതിക പ്രതിസന്ധിയിൽ
text_fieldsഉരുൾപൊട്ടലിലെ പാറയും മറ്റും അടിഞ്ഞ് ആഴം കുറഞ്ഞ വിലങ്ങാട് പുഴ
നാദാപുരം: 2024 ജൂലൈ 30 നുണ്ടായ ഉരുൾപൊട്ടൽ മയ്യഴിപുഴയുടെ ഗതി തന്നെ മാറ്റി മറച്ചിരിക്കുകയാണ്. കൂറ്റൻ പാറകൾ, മരത്തടികൾ എന്നിവ വന്നടിഞ്ഞ് വിസ്തൃതിയും വലുപ്പവും ആഴവും കുറഞ്ഞ് വെള്ളം ഉൾക്കൊള്ളാൻ കഴിയാതെ പുഴ ശോഷിച്ചു. വേനലിന്‍റെ തുടക്കത്തിൽ തന്നെ വറ്റിവരണ്ട് പ്രദേശത്ത് മുമ്പെങ്ങുമില്ലാത്ത ജലക്ഷാമത്തിനും പുഴ സാക്ഷ്യം വഹിച്ചു.
ഉരുൾപൊട്ടലിനു ശേഷം നാട്ടുകാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പുഴയുടെ നവീകരണം. നിരന്തര ആവശ്യത്തെത്തുടർന്ന് കഴിഞ്ഞയാഴ്ച പുഴയുടെ നവീകരണ പ്രവർത്തനം ആരംഭിച്ചെങ്കിലും പ്രവൃത്തിക്കെതിരെ നാട്ടുകാരിൽ വൻ പ്രതിഷേധമാണ് നിലനിൽക്കുന്നത്. നിലവിലെ ജോലി കൊണ്ട് പുഴക്ക് ഒരു ഗുണവും ലഭിക്കില്ലെന്നാണ് നാട്ടുകാരുടെ വാദം.
പൊതുവെ വീതി നഷ്ടമായ പുഴയിൽ ശുദ്ധീകരണ പ്രവർത്തനത്തിന്‍റെ ഭാഗമായി നീക്കുന്ന മൺകൂനകളും പാറക്കൂട്ടങ്ങളും ഇരു കരയോടും ചേർന്നുതന്നെ കൂട്ടിയിടുകയാണ് ചെയ്യുന്നത്.
ഈ മൺകൂനകൾ മഴയിൽ താഴേക്കൊഴുകി വിലങ്ങാട് അങ്ങാടിയുടെയും ചെറു പാലത്തിന്‍റെയും സുരക്ഷക്ക് ഭീഷണിയാകുമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മയ്യഴി പുഴയുടെ അശാസ്ത്രീയ നവീകരണത്തിനെതിരെ ജനകീയ വികസന കൂട്ടായ്‌മയും പ്രതിഷേധിച്ചു.
കുറ്റമറ്റ നവീകരണ പ്രവർത്തനം നടത്തിയില്ലെങ്കിൽ വിലങ്ങാട്ടെ വ്യാപാരസമൂഹത്തിന്റെ പിന്തുണയോടെ ശക്തമായ സമരത്തിന് ജനകീയ വികസന കൂട്ടായ്മ രംഗത്ത് ഇറങ്ങുമെന്നും ഭാരവാഹികൾ പറഞ്ഞു.
ഇതോടൊപ്പം പുഴയോടുചേർന്ന് നാദാപുരം, ചെക്യാട് പഞ്ചായത്തതിർത്തിയായ വിഷ്ണുമംഗലത്ത് അശാസ്ത്രീയമായി പുഴയുടെ കുറുകെ പണിത ബണ്ട് പുഴയുടെ ജലസംഭരണ ശേഷിയും ആഴവും കുറക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതായുള്ള ആരോപണം നേരത്തെ നില നിൽക്കുന്നുണ്ട്. ഇവിടെ ബണ്ട് പൊളിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാണ്.