മുന്നണിപ്പോര്; കാണാനില്ലെന്ന ആരോപണത്തിനിടെ പഞ്ചായത്ത് സെക്രട്ടറി ഓഫിസിൽ
text_fieldsനാദാപുരം: കാണാനില്ലെന്ന വിവാദം കത്തുന്നതിനിടെ ചൊവ്വാഴ്ച ഓഫിസിലെത്തി ജോലിയിലേർപ്പെട്ട് നാദാപുരം പഞ്ചായത്ത് സെക്രട്ടറി. കഴിഞ്ഞ ദിവസം യു.ഡി.എഫ് നേതാക്കൾ കോഴിക്കോട് നടത്തിയ വാർത്ത സമ്മേളനത്തിൽ സെക്രട്ടറിയെ കാണാനില്ലെന്ന് ആരോപണം ഉന്നയിച്ചിരുന്നു.
സെക്രട്ടറിയെ എൽ.ഡി.എഫ് നേതൃത്വത്തിൽ തട്ടിക്കൊണ്ടു പോയതായും ജില്ല നേതാക്കൾ ഉൾപ്പെടെ പങ്കെടുത്ത വാർത്ത സമ്മേളനത്തിൽ പരാതി ഉന്നയിച്ചതോടെ സംഭവം മേഖലയിൽ വലിയ രാഷ്ട്രീയ ചർച്ചയാവുകയായിരുന്നു.
നാദാപുരത്ത് എതിർ വാർത്ത സമ്മേളനം നടത്തി ചൊവ്വാഴ്ച രാവിലെ എൽ.ഡി.എഫും രംഗത്തെത്തി. വ്യക്തിപരമായ ആവശ്യത്തിന് വിട്ടുനിന്നതാണെന്നും തനിക്കെതിരെ യു.ഡി.എഫ് കേന്ദ്രങ്ങളിൽനിന്ന് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഇലക്ഷൻ കമീഷന്റെ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് മാത്രമാണ് നടപടികൾ കൈക്കൊള്ളുന്നതെന്നും സെക്രട്ടറി റജിലാൽ മാധ്യമത്തോട് പറഞ്ഞു.
പഞ്ചായത്തിൽ ഉദ്യോഗസ്ഥർക്ക് സ്വൈരമായിജോലി ചെയ്യാനാകുന്നില്ല -എൽ.ഡി.എഫ്
നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കൾ ഉന്നയിച്ച കാര്യങ്ങൾ തീർത്തും അടിസ്ഥാന രഹിതവും ദുരുദ്ദേശ്യപരവുമാണെന്ന് നാദാപുരത്ത് വിളിച്ചു ചേർത്ത വാർത്തസമ്മേളനത്തിൽ എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് സ്വൈരമായി ജോലി നിർവഹിക്കാനാകാത്ത അവസ്ഥയാണ് നാദാപുരം ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് സൃഷ്ടിക്കുന്നത്. നാദാപുരം ഗ്രാമപഞ്ചായത്തിൽ വ്യാപകമായി കള്ളവോട്ട് ചേർത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ശ്രമിക്കുന്നത് യു.ഡി.എഫുകാരാണ്.
വോട്ടർപട്ടിക പുതുക്കുന്ന ഘട്ടത്തിൽ യു.ഡി.എഫിന്റെ നൂറുകണക്കിന് കള്ളവോട്ടുകളുടെ വിവരങ്ങൾ തെളിവ് സഹിതം പുറത്തുകൊണ്ടുവരികയും അധികൃതർക്ക് അവ നീക്കംചെയ്യേണ്ടി വരികയും ചെയ്തിരുന്നു. നാദാപുരത്തെ രണ്ടാം വാർഡിൽ മാത്രം 150 ഓളം അനധികൃത വോട്ടുകളാണ് യു.ഡി.എഫ് ചേർക്കാൻ നൽകിയിരുന്നത്. ഇത് നടക്കാത്തതിനാൽ നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫിസിൽ അതിക്രമിച്ച് കയറി ഉദ്യോഗസ്ഥർക്കു നേരെ വധഭീഷണി മുഴക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തിതിരുന്നു. യു.ഡി.എഫ് നേതാക്കൾ ഇതിന്റെ ഭാഗമായി കേസിൽ പ്രതികളാണ്.
ആദ്യം നീക്കം ചെയ്ത നൂറുകണക്കിന് വോട്ടുകൾ വീണ്ടും പട്ടികയിലുൾപ്പെടുത്താൻ യു.ഡി.എഫ് അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമീഷനും ജില്ല കലക്ടർക്കും പരാതി സമർപ്പിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ഉദ്യോഗസ്ഥർ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയെന്ന് വ്യാജ പ്രചരണം അഴിച്ചുവിടുന്നത്. ശാരീരിക പ്രശ്നങ്ങൾ കാരണം വീട്ടിൽ വിശ്രമിക്കുന്ന സെക്രട്ടറിയെ സി.പി.എം തട്ടിക്കൊണ്ടുപോയി എന്നാണ് യു.ഡി.എഫ് പറയുന്നത്.
ഏരിയ സെക്രട്ടറി എ. മോഹൻദാസ്, വി.പി. കുഞ്ഞികൃഷ്ണണൻ, കരിമ്പിൽ ദിവാകരൻ, സമദ് നരിപ്പറ്റ, സി.എച്ച്. മോഹനൻ, കെ.പി. കുമാരൻ, വത്സരാജ് മണലാട്ട് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.


